ജെഇഇ മെയ്ന്‍ ജനുവരി 22 മുതല്‍ 30 വരെ

Jan 2, 2025

ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (BE/BTech) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.

പേപ്പര്‍ 2A (BArch), പേപ്പര്‍ 2B (B.Planning), പേപ്പര്‍ 2A, 2B (BArch, B Planning) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 ന് നടക്കും. പേപ്പര്‍ 2A, പേപ്പര്‍ 2B എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെ നടത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ പുറത്തിറക്കും. സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്ലിപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജനുവരി ആദ്യ വാരത്തോടെ തന്നെ സ്ലിപ്പുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതിക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ എന്‍ടിഎ ഒരുക്കും. പരീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.

പേപ്പര്‍ 1

എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐകള്‍) എന്നിവയിലെ ബിരുദ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്ക് (ബിഇ/ബിടെക്) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്. ജെഇഇ മെയിന്‍ (പേപ്പര്‍ 1) യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടികള്‍) പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡിലും പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.

പേപ്പര്‍ 2

രാജ്യത്തുടനീളമുള്ള വിവിധ സര്‍വകലാശാലകളില്‍ ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പേപ്പര്‍ 2 പരീക്ഷ.

cake tower new
LATEST NEWS