ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

Feb 25, 2026

seena

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത് ആള്‍ക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കിയത്.

cake tower new
LATEST NEWS