സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

Feb 27, 2026

ഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സുപ്രധാന കേസുകളില്‍ ഒന്നായിരുന്നു ഡല്‍ഹി മദ്യനയക്കേസ്. രാജ്യതലസ്ഥാനത്തിന്റെ അധികാര ഭൂമികയില്‍ നിന്ന് കോണ്‍ഗ്രസിനെയും ബിജെപിയെയും തൂത്തെറിഞ്ഞ് ഭരണത്തിലേറിയ ആം ആദ്മി പാര്‍ട്ടിയുടെ വിശ്വസ്തയും ജനകീയതയും തകര്‍ക്കുന്നതിലും ബിജെപിയെ വീണ്ടും അധികാരത്തിലെത്താനും സഹായിച്ചതില്‍ ഡല്‍ഹി മദ്യനയക്കേസ് നിര്‍ണായകമായി. മദ്യനയക്കേസില്‍ സിബിഐ പ്രതിപട്ടികയില്‍പ്പെട്ട അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയ അഴിമതിയില്‍ സിബിഐ എടുത്ത കേസിലാണ് നടപടി. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. കോടതി വിധി വിശദമായി പഠിച്ചുവരികയാണെന്നും എത്രയും വേഗം അപ്പീൽ കോടതിയെ സമീപിക്കുമെന്നും ഏജൻസി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കേസില്‍ സിബിഐക്കതിരെ ഡല്‍ഹി റോസ് അവന്യൂ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി, സിബിഐ കുറ്റപത്രം മടക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചു. വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികളോ തെളിവോ ഇല്ലെന്നും കോടതിചൂണ്ടിക്കാട്ടി. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു.

വിധികേട്ട കെജരിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. ‘ഞാന്‍ അഴിമതിക്കാരനല്ല, അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്’. വികാരനിര്‍ഭരനായ കെജരിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയാണ് ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചത്.

‘ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് മോദിയും അമിത് ഷായുമാണ്. ആംആദ്മി പാർട്ടിയുടെ ഏറ്റവും മുതിർന്ന അഞ്ച് നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. മുഖ്യമന്ത്രിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലാക്കി. കെജരിവാള്‍ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തില്‍ സത്യസന്ധത മാത്രമേ പുലര്‍ത്തിയിട്ടുള്ളൂ. കെജരിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് ശേഷമുള്ള ഈ വിധി ആം ആദ്മി പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ കരുത്ത് പകരുന്നതാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന എഎപിയുടെ വാദത്തിന് ഈ വിധി അടിവരയിടുന്നു. കോടതി വിധി തിരിച്ചടിയായ സാഹചര്യത്തില്‍, വിധിക്കെതിരെ സിബിഐ ഉന്നത കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട ഇതേ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമനടപടികള്‍ തുടരുകയാണ്. എങ്കിലും സിബിഐ കേസില്‍ നിന്നുള്ള ഈ വിടുതല്‍ കെജരിവാളിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.

മദ്യനയ രൂപീകരണ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍, 2022 ജൂലൈയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് ഉയരുന്നത്. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ സര്‍ക്കാരിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം

ലൈസന്‍സ് ഫീസ് കിഴിവുകള്‍, പിഴകളിലെ ഇളവ്, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഇളവ് തുടങ്ങി ഇളവുകള്‍ നല്‍കി മദ്യവ്യാപാര സ്ഥാപനങ്ങളില്‍ നന്നും നടത്തിപ്പുകാരില്‍ നിന്നും ആം ആദ്മി സര്‍ക്കാരും, നേതാക്കളും പണം വാങ്ങിയെന്നും ഈ പണം 2022ല്‍ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചെലവഴിച്ചതായും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയതോടെയാണ്, സിസോദിയയുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ, എഎപി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 23 പേരെയാണ് സിബിഐ പ്രതികളാക്കിയത്. കേസില്‍ കവിതയുടെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും നേട്ടമുണ്ടാക്കുന്നതിനായി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കളുമായി, കെ കവിതയും മറ്റു അംഗങ്ങളും ഗൂഢാലോചന നടത്തിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണു സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചരമാസക്കാലം കെജരിവാള്‍ ജയില്‍വാസവും അനുഭവിച്ചു. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആയിരുന്നു ആദ്യ അറസ്റ്റ്. അന്ന് ഇ.ഡിയാണ് കെരിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജരിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചിരുന്നു.

cake tower new
LATEST NEWS
വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ...