65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍

Mar 7, 2026

തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി സംസ്ഥാനത്ത് വിതരണം ചെയ്യും. ജനുവരിയില്‍ 35,000ലേറെ കാര്‍ഡുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24 വരെ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകളിലാണ് ഭക്ഷ്യവകുപ്പ് വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കൂടുതല്‍ കാര്‍ഡുകള്‍ എത്തിക്കുന്നത്.

സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍ അവസരം നല്‍കിയതിലൂടെയും ‘ഓപ്പറേഷന്‍ യെല്ലോ’ എന്ന തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശംവച്ച കാര്‍ഡുകള്‍ മടക്കിവാങ്ങി അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുന്നതോടെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തരംമാറ്റി വിതരണം ചെയ്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം ഏഴ് ലക്ഷമാകും.

കഴിഞ്ഞ മേയില്‍ മസ്റ്ററിങ് പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തിലേറെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഒഴിവ് വന്നിരുന്നു. അത്രയുംപേര്‍ക്ക് കാര്‍ഡുകള്‍ തരംമാറ്റിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിതരണം ചെയ്തതില്‍ 6.35 ലക്ഷം കാര്‍ഡുകളില്‍ 60,000 കാര്‍ഡുകള്‍ എഎഐ കാര്‍ഡുകളാണ്(മഞ്ഞകാര്‍ഡുകള്‍). ബാക്കി പിഎച്ച്എച്ച് കാര്‍ഡുകളാണ് (പിങ്ക് കാര്‍ഡ്). 2013 ലെ എന്‍എഫ്എസ്എ നിയമംകാരണം സംസ്ഥാനത്തെ 57 ശതമാനംപേരും റേഷന്‍ കവറേജിന് പുറത്താണ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്ന് ഭക്ഷ്യധാന്യം നല്‍കിവരികയാണ്.പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരുമായ എല്ലാവരെയും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തദ്ദേശവകുപ്പിന്റെ സര്‍വേയിലൂടെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡിന് മാസത്തില്‍ 30 കിലോ അരിയും പിങ്ക് കാര്‍ഡില്‍ കുടുംബത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരി വീതവും സൗജന്യമാണ്. അഞ്ചുകിലോ ഗോതമ്പും ലഭിക്കും.

cake tower new
LATEST NEWS