കൊച്ചി: മലയാള സിനിമയ്ക്ക് കൈത്താങ്ങാകാൻ ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ. സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമുകൾ താല്പര്യം പ്രകടിപ്പിക്കാത്ത മലയാള സിനിമകൾക്ക് സ്ട്രീമിങ് അവസരമൊരുക്കാൻ ആണ് സ്വന്തം പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ എത്തിയിരിക്കുന്നത്. ‘മൈ ടാക്കീസ്’ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം നവംബറിൽ പ്രവർത്തനം ആരംഭിക്കും.

മലയാളത്തിൽ ഒരു വർഷം റിലീസിനെത്തുന്ന സിനിമകളുടെ 10 ശതമാനം പോലും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ എത്താറില്ല. സൂപ്പർതാര ചിത്രങ്ങൾ പോലും തിയറ്ററുകളിൽ പരാജയപ്പെട്ടാൽ ഒടിടി പ്ലാറ്റ്ഫോമുകൾ കയ്യൊഴിയും. ഈ സാഹചര്യത്തിൽ നിർമാതാക്കളെ സഹായിക്കാനാണ് ചേംബർ സ്വന്തം സ്ട്രീമിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു.

വിവിധ ചലച്ചിത്ര സംഘടനാ ഭാരവാഹികളായ സിബി മലയിൽ, ശ്വേത മേനോൻ, ബി രാകേഷ്, ബി ആർ ജേക്കബ്, എസ് എസ് ടി സുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.



















