തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് നെയ്യാറിലേക്കോ പാലോടേക്കോ മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. മൃഗശാല വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റുന്നത് മൃഗങ്ങൾക്കും തലസ്ഥാന നഗരത്തിനും ഗുണകരമാകുമെന്ന വാദവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ, ഇതിന് പിന്നിൽ വൻ കോർപ്പറേറ്റ്-കച്ചവട താല്പര്യങ്ങളാണെന്നും ഇടതുപക്ഷം ഇതിനെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി മുൻ വട്ടിയൂർക്കാവ് എംഎൽഎയും സിപിഎം നേതാവുമായ വി.കെ. പ്രശാന്ത് രംഗത്തെത്തി.
‘റീ ഇമാജിനിങ് കേരള’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് തലസ്ഥാനത്തിന്റെ മുഖമുദ്രയായ മൃഗശാല നഗരഹൃദയത്തിൽ നിന്ന് മാറ്റണമെന്ന ആശയം മുഖ്യമന്ത്രി പങ്കുവെച്ചത്. നഗരമധ്യത്തിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് ക്രൂരതയാണെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ നെയ്യാർ പോലെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റണമെന്നത് തന്റെ സ്വപ്നപദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പകരം നിലവിലെ പ്രദേശം അമേരിക്കയിലെ മാഡിസൺ സ്ക്വയർ മാതൃകയിൽ ലോകോത്തര നിലവാരത്തിലുള്ള തുറന്ന നഗര ഇടമാക്കി മാറ്റണമെന്നായിരുന്നു നിർദ്ദേശം.
നഗരത്തിന് ഗുണകരമെന്ന് മേയർ വി.വി. രാജേഷ്
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പൂർണ്ണമായും പിന്തുണച്ചാണ് മേയർ വി.വി. രാജേഷ് രംഗത്തെത്തിയത്. തിരുവനന്തപുരം നഗരത്തിലെ നിലവിലെ കാലാവസ്ഥയും അമിത ചൂടും മൃഗങ്ങൾക്ക് ചേരുന്നതല്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. നഗരമധ്യത്തിലെ പച്ചപ്പ് നിലനിർത്തിക്കൊണ്ടുതന്നെ മൃഗങ്ങൾക്ക് കൂടുതൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നത് മൃഗങ്ങൾക്കും തിരുവനന്തപുരം നഗരത്തിനും ഒരുപോലെ ഗുണം ചെയ്യും. മൃഗശാല നഗരത്തിന് പുറത്ത് എവിടെ സ്ഥാപിക്കണം എന്ന കാര്യത്തിൽ സാങ്കേതിക പരിശോധനകൾ നടക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
മുതലാളിമാർക്ക് മറിച്ചുനൽകാൻ ഗൂഢാലോചന: വി.കെ. പ്രശാന്ത്
എന്നാൽ മുഖ്യമന്ത്രിയുടെയും മേയറുടെയും നിലപാടുകൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് മുൻ എംഎൽഎ വി.കെ. പ്രശാന്ത് രംഗത്തെത്തിയത്. മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും വിലപിടിപ്പുള്ള ഈ ഭൂമി വൻകിട മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർ ഇത്തരം നിലപാടിനെ പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും ഇടതുപക്ഷം നീക്കത്തെ പ്രതിരോധിക്കുമെന്നും പ്രശാന്ത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
1859-ൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ മൃഗശാല സാധാരണക്കാർക്കും കുട്ടികൾക്കും വളരെ തുച്ഛമായ ചിലവിൽ എത്തിച്ചേരാവുന്ന വിനോദകേന്ദ്രമാണ്. ഇത് കാടുകളിലേക്ക് മാറ്റുന്നത് വലിയ യാത്രാക്ലേശത്തിന് ഇടയാക്കുകയും സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുകയും ചെയ്യും. തലസ്ഥാനത്തെ ടൂറിസം മേഖലയുടെയും തദ്ദേശീയ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായ മൃഗശാല മാറ്റിയാൽ നഗരത്തിലെ ചെറുകിട കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗം തകരുമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. തൃശൂർ മൃഗശാല മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന കമന്റുകൾക്ക് ‘ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ഇത് ഇവിടെ നിലനിൽക്കാനാണ് താല്പര്യം’ എന്നാണ് പ്രശാന്ത് മറുപടി നൽകിയത്.


















