പത്തനംതിട്ട: കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വിജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തിരുവല്ലാ പൊലീസില്‍ പരാതി നല്കി.

16നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നുമാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം.




















