തൃശൂർ: മുളങ്കുന്നത്തുകാവ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായ വൻ വൈദ്യുതി തടസ്സത്തെത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒപി സേവനങ്ങളും നിർത്തിവെച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തുടങ്ങിയ നേരിയ തടസ്സങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ സമ്പൂർണ്ണ വൈദ്യുത മുടക്കത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാവുകയും ശസ്ത്രക്രിയകൾക്കായി എത്തിച്ചേർന്നവരുൾപ്പെടെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലാവുകയും ചെയ്തു.
ആശുപത്രിയിലേക്ക് കെഎസ്ഇബിയിൽനിന്നുള്ള വൈദ്യുതി വിതരണം തടസ്സമില്ലാതെ എത്തുന്നുണ്ടെങ്കിലും മെഡിക്കൽ കോളജിന് അകത്തെ വയറിങ്ങിലും മെയിൻ സ്വിച്ച് പാനലിലുമുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് സൂപ്രണ്ട് ഡോ. ജെ. ലിജോ അറിയിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ആശുപത്രിയിലെ കാത്ത് ലാബ്, ശീതീകരണ സംവിധാനമായ ചില്ലർ പ്ലാന്റ്, ഓഡിയോളജി വിഭാഗത്തിലെ കേൾവി പരിശോധനകൾ, വിവിധ ഒപി വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് നിലവിൽ നടത്തുന്നത്.
ദിവസേന ശരാശരി 24-ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടക്കുന്ന വലിയ ആശുപത്രിയാണിത്. സാഹചര്യം രൂക്ഷമായതോടെ വിവിധ വിഭാഗം മേധാവിമാരുമായി ചർച്ച നടത്തിയാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളും അത്യാഹിത വിഭാഗങ്ങളും ജനറേറ്റർ സഹായത്തോടെയാണ് ഭാഗികമായി പ്രവർത്തിപ്പിക്കുന്നത്.
തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളാണ് മികച്ച ചികിത്സയ്ക്കായി ദിവസേന ഈ റഫറൽ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. ഒപിയും ലാബ് പരിശോധനകളും മുടങ്ങിയതോടെ ദൂരസ്ഥലങ്ങളിൽനിന്നും അതിരാവിലെ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ ആശുപത്രിയിലെ എൻജിനീയറിങ് വിഭാഗം തുടരുകയാണെന്നും ഉച്ചയോടെ വൈദ്യുതി വിതരണം പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൂപ്രണ്ട് അറിയിച്ചു.






















