വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

Sep 25, 2026

seena

ഡൽഹി: വോട്ടർപട്ടികയുടെ സമഗ്ര പുതുക്കൽ പ്രക്രിയയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും നിയമപരമായ ചുമതലകൾ ബോധപൂർവ്വം ലംഘിക്കുകയും ചെയ്തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അറിവോ യോജിപ്പോ ഇല്ലാതെ മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി നടപ്പിലാക്കിയ തീരുമാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പുകൾ അവഗണിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി മുന്നോട്ടുപോയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നിർണ്ണായക നീക്കം.

വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ ചട്ടവിരുദ്ധമായി വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയുടെ ഡാറ്റാബേസ് കേന്ദ്രീകരണം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ 16.10 ലക്ഷം വോട്ടർമാരെ തള്ളാൻ അപ്പീൽ നൽകിയത് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷണർമാർ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂരിപക്ഷ അഭിപ്രായത്തെ അട്ടിമറിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി ഉത്തരവുകൾ നടപ്പിലാക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

വോട്ടർപട്ടിക തയ്യാറാക്കുന്നതിലും തിരുത്തുന്നതിലും ഗുരുതരമായ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വ്യവസ്ഥ ചെയ്യുന്ന 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐടി) സീമ ഖന്ന എന്നിവർക്കെതിരെ കേസെടുത്ത് വിചാരണ ആരംഭിക്കാൻ നിർദ്ദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.

കമ്മീഷനിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് നടപടികൾ കൈക്കൊള്ളേണ്ടതെന്ന് 2023-ലെ കേന്ദ്ര നിയമം നിഷ്കർഷിക്കുന്നുണ്ട്. ഇത് കാറ്റിൽപ്പറത്തി നടപ്പിലാക്കിയ തീരുമാനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജി ആവശ്യപ്പെടുന്നു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത സാഹചര്യത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഐടി, സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെ ഇസിഐനെറ്റ് , ഇആർഒനെറ്റ് ഡാറ്റാബേസുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും, ചട്ടവിരുദ്ധമായി മാറ്റം വരുത്തിയ ഫോം 6 പഴയ രീതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ക്യാബിനറ്റ് സെക്രട്ടറി, ഗ്യാനേഷ് കുമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

cake tower new
LATEST NEWS
‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...