മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

Oct 10, 2026

seena

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തിയ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. ഏകദേശം 60 കോടി രൂപ പെരുപ്പിച്ചു കാണിച്ചതായി ജിസിഡിഎയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം നവീകരണത്തിന്റെ പ്രാഥമിക ചെലവ് 8.44 കോടി രൂപ മാത്രമാണ്. എന്നാല്‍ മത്സരത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ 70 കോടി രൂപ ചെലവഴിച്ചതായാണ് അവകാശപ്പെടുന്നത്.

ആഭ്യന്തര റിപ്പോര്‍ട്ട് അനുസരിച്ച്, ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്‌റ്റേഡിയം നവീകരണത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ നടത്തി. നിര്‍മ്മാണ സാമഗ്രികളുടെയും വിവിധ ജോലികളുടെയും വിപണി നിരക്ക് അടിസ്ഥാനമാക്കി ചെലവ് കണക്കാക്കി. റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് 1.19 കോടി രൂപ, പാര്‍ക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി, ഗാലറിയില്‍ കസേരകള്‍ സ്ഥാപിക്കുന്നതിന് 2.22 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയത്. പെയിന്റിങ്, പ്രവേശനകവാടം നവീകരിക്കല്‍, ശുചിമുറി നവീകരണം, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയ്ക്ക് 1.36 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്കായി ഏകദേശം 2 കോടി രൂപയും ചെലവഴിച്ചു.

പത്ത് ശതമാനം ലാഭം കണക്കാക്കിയാല്‍ പോലും യഥാര്‍ത്ഥ ചെലവ് 10 കോടി രൂപയില്‍ എത്തില്ലെന്ന് ജിസിഡിഎ വൃത്തങ്ങള്‍ അറിയിച്ചു. നവീകരണ വേളയില്‍ 15,000 ഫിക്‌സഡ് സീറ്റുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയെന്നും സ്‌റ്റേഡിയം ജിസിഡിഎക്ക് തിരികെ കൈമാറിയപ്പോള്‍ സ്‌പോണ്‍സര്‍ ഇവ മാറ്റേണ്ടതായിരുന്നു എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീകരണത്തിനായി അതോറിറ്റിക്ക് പണമൊന്നും ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്ന മുന്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയുടെ അവകാശവാദത്തിന് വിരുദ്ധമായി ജിസിഡിഎ ഇലക്ട്രിക്കല്‍, ഫെന്‍സിങ് ജോലികള്‍ ഭാഗികമായി നിര്‍വ്വഹിച്ചതായും ഫ്‌ളഡ്‌ലൈറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തതായും രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനായി 50 ലക്ഷത്തിലധികം രൂപയാണ് ചെലവിട്ടത്. എന്നാല്‍ ചന്ദ്രന്‍ പിള്ള പ്രതികരണത്തിന് തയ്യാറായില്ല.

അതേസമയം, സ്റ്റേഡിയം നവീകരണ ഇടപാടില്‍ സംശയങ്ങളുണ്ടെന്നും അന്വേഷണത്തിലൂടെ ക്രമക്കേടുകള്‍ പുറത്തു വരുമെന്നും എംഎല്‍എ മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ അവകാശപ്പെടുന്ന ചെലവുകള്‍ അമിതമായി കാണിച്ചതാണെന്ന് സംശയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലവിലുണ്ട്.

ഈ ഇടപാടില്‍ നടന്നതായി ആരോപിക്കപ്പെടുന്ന നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിനായി ജിസിഡിഎയില്‍ നിന്ന് ജിഎസ്ടി വകുപ്പ് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഡിയം നവീകരണ ജോലികള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സ്‌പോണ്‍സര്‍മാരെ തെരഞ്ഞെടുത്തതിലും സ്‌റ്റേഡിയം കൈമാറിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ കായിക മന്ത്രി വി.അബ്ദുറഹിമാന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

cake tower new
LATEST NEWS
‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

ഡല്‍ഹി: ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ....

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന്...