കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞ് പവന് 1,09,000ല് താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,08,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,590 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 2250 രൂപയിലധികമാണ് സ്വര്ണവിലയില് പവന് ഉണ്ടായ ഇടിവ്.

ആഗോള വിപണിയില് എണ്ണവില വര്ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില ബാരലിന് 106 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്ഷം വര്ധിച്ചതാണ് എണ്ണവില ഉയരാന് പ്രധാന കാരണം. ഇതിന് പുറമേ പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് കൂടുകയാണെങ്കില് പലിശനിരക്ക് വര്ധിപ്പിക്കാന് യുഎസ് ഫെഡറല് റിസര്വ് നിര്ബന്ധിതമാകും. ഇത് സ്വര്ണത്തിന്റെ ആകര്ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര് പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്ണ വിലയിലെ റെക്കോര്ഡ്. ഡിസംബര് 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.




















