കീഴാറ്റിങ്ങൽ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വൈ എൽ എം യു പി എസ്സിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഈ വർഷത്തെ ലോക ഭക്ഷ്യ ദിന സന്ദേശമായ ‘ഇന്ന് നവീകരിക്കൂ നാളെപോഷിപ്പിക്കു’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു മേള.
സ്കൂൾ പ്രധാന അധ്യാപിക ബിനു ഷെറീന മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ, ഭക്ഷണം പാഴാക്കാതിരിക്കാൻ, നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നു കൊണ്ടുവന്ന പോഷക സമൃദ്ധമായ നാടൻ വിഭവങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ അഞ്ജലി, രശ്മി എന്നിവർ നേതൃത്വം നൽകി.






















