ചികിത്സാരംഗത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും പഴങ്കഥയായി മാറിയേക്കുമെന്നും എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വൈദ്യശാസ്ത്രരംഗത്ത് ഉണ്ടാകാനിടയുള്ള വിപ്ലവകരമായ മുന്നേറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രവചനം.
എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മരുന്നുകളുടെ കണ്ടെത്തല്‍, രോഗനിര്‍ണയം, ചികിത്സാരീതികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ വലിയ വേഗത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വര്‍ഷങ്ങളോളം നീളുന്ന ഗവേഷണപ്രക്രിയകള് കൂടുതല്‍ വേഗത്തിലാക്കാനും പുതിയ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്താനും എഐക്ക് സാധിക്കുമെന്ന വിലയിരുത്തലും പ്രവചനത്തിന് പിന്നിലുണ്ട്.



















