തിരുവനന്തപുരം: എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ വിദ്യാർത്ഥിനി ജ്യോതിക കെ.എസ് വികസിപ്പിച്ച “സുരക്ഷ മിത്രം – എ സ്മാർട്ട് ആന്റി-റാഗിംഗ് എമർജൻസി അലേർട്ട് സിസ്റ്റം” എന്ന പ്രോജക്ടിനാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) അംഗീകാരം ലഭിച്ചത്.
മൂന്ന് തവണ ടാപ്പ് ചെയ്താൽ SOS എമർജൻസി അലേർട്ട് പോകുക, ഓഡിയോ-വീഡിയോ തെളിവുകൾ റെക്കോർഡ് ചെയ്യുക, തത്സമയ ലൊക്കേഷൻ ഷെയർ ചെയ്യുക, പരാതി നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പ്രത്യേക പ്രൊട്ടക്ഷൻ ഐഡി നൽകുക തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാണ് ‘സുരക്ഷ മിത്രം’ ആപ്പിന്റെ പ്രത്യേകത.
വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ റാഗിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും സുരക്ഷിതമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് കൗൺസിൽ വിലയിരുത്തി. കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ ആണ് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയത്.
അടുത്തിടെ മുഖ്യമന്ത്രി പുറത്തിറക്കിയ സിദ്ധാർത്ഥൻ സ്റ്റുഡൻ്റ് വെൽനെസ് ആപ്പ് വികസിപ്പിക്കുന്നതിൽ ജ്യോതികയുടെ ആശയങ്ങളും പ്രോട്ടോടൈപ്പും ഏറെ പ്രയോജനകരമായെന്ന് കൗൺസിൽ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കി. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഈ നൂതന കണ്ടുപിടുത്തത്തിന് കൗൺസിൽ എല്ലാവിധ അഭിനന്ദനങ്ങളും ഭാവി വിജയാശംസകളും നേർന്നു. ബി.ടെക് മൂന്നാം വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് പൊങ്ങുoമ്മൂട് ബാപ്പുജി നഗർ സ്വദേശിയായ ജ്യോതിക.



















