ഇനി കണ്ടാൽ കണ്ണു കുഴയുന്ന ഡോക്ടറർമാരുടെ കുറിപ്പടികളിലെ കയ്യക്ഷരം സാധാരണക്കാർക്കും നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂൾ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. എൻവൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടർമാരുടെ മെഡിക്കൽ ഭാഷയുടെ കുരുക്കഴിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.
ആദ്യ ഘട്ട പരിക്ഷണത്തിൽ രോഗികളുടെ ഡിസ്ചാർജ് നോട്ടുകളിലെ വിവരങ്ങൾ രോഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ് നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന് ആറാം ഗ്രേഡിലേക്ക് താഴ്‌ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പരിഭാഷകളിലെ കൃത്യത മനസിലാക്കാൻ ഡോക്ടർമാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച് സാധാരണക്കാരുടെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാര്‍ജ് നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചതായും ഗവേഷകർ അറിയിച്ചു.



















