കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരം അടുത്തിടെയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്.
അന്‍സിബയെ ജിഹാദിയായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയിലുള്ളത്.
ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്‌സലിനിടെയാണ് സംഭവം. ടിനി ടോം അന്‍സിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകള്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് കേസ്.


















