കോഴിക്കോട്: ഒളിവില്‍ കഴിയുകയായിരുന്ന അര്ജുന് ആയങ്കിക്ക് സാമ്പത്തികമായും ഡിജിറ്റലായും സഹായങ്ങള്‍ നല്കിയ കേസില്‍ ഇളയ സഹോദരന് അജയ് ആയങ്കി അറസ്റ്റില്‍. ശനിയാഴ്ച അര്‍ധരാത്രി കോഴിക്കോട് നടക്കാവിലെ സ്വകാര്യ സ്ഥാപനത്തിന് സമീപത്തുവച്ചാണ് നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. ഇതോടെ നിയമനടപടികള്‍ക്കും ഒളിവ് ജീവിതത്തിനുമുള്ള പണം കണ്ടെത്താന്‍ അജയ് തന്റെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ ക്രൗഡ് ഫണ്ടിങ് നടത്തി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് അര്‍ജുന്റെ അഭിഭാഷകര്‍ക്കുള്ള ഫീസും മറ്റും നല്‍കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
സാമ്പത്തിക സഹായത്തിന് പുറമെ, അര്‍ജുന്റെ ഡിജിറ്റല്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിലും അജയ് നിര്‍ണായക പങ്ക് വഹിച്ചു. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തില്‍ അര്ജുന് പങ്കുവെച്ച പ്രകോപനപരമായ പോസ്റ്റുകള്‍ തയ്യാറാക്കിയതും പ്രചരിപ്പിച്ചതും അജയുടെ സഹായത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി.



















