വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വാർഡിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ടും മാസങ്ങളായി. വെഞ്ഞാറമൂട് ജംഗ്ഷനിൽ മേൽപാലം പണി നടക്കുന്നതിനാൽ ധാരാളം വാഹനങ്ങൾ വഴി തിരിഞ്ഞ് കടന്നു പോകുന്ന റോഡുകളായിട്ടും പഞ്ചായത്ത് ഭരണ സമിതി നിരന്തരമായി അവഗണിക്കുന്നതിനാലാണ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കാവറ വാർഡിലെ പ്രധാന റോഡുകളായ കാവറ ക്ഷേത്രം റോഡ്, കാവറ – അക്കരവിള റോഡ്, കാവറ ക്ഷേത്രം – തണ്ട്രാo പൊയ്ക റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാർഡ് കൂടി ആയിട്ടും തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതിഷേധ സമരം മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഡി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് പ്രവീൺ.എം അധ്യക്ഷനായി.
കെ.പി.സി.സി അംഗവും മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹിയുമായ ഡോ.പ്രൊഫ.സുശീല, ഡി.സി.സി അംഗവും ഒ.ബി.സി കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാനുമായ വെഞ്ഞാറമൂട് ഷാജി, എക്സ് സർവീസ്മെൻ കോൺഗ്രസ്സ് സംസ്ഥാന സമിതിയംഗം ടി.മുരളീധരൻ, കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് ബി.ഹരി, നെല്ലനാട് മണ്ഡലം പ്രസിഡന്റ് ചെറവിള രവി, മുൻ ബ്ലോക്ക് പ്രസിഡന്റ് ജി.ബേബി സുലേഖ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അപ്പുക്കുട്ടൻ പിള്ള, മഹിളാ കോൺഗ്രസ്സ് ജില്ലാ സമിതിയംഗം സിലി പ്രകാശ് എന്നിവർ സംസാരിച്ചു.



















