തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് തന്റെ പേര് ഉയർത്തിക്കാട്ടിയുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് താൻ അയോഗ്യനാണെന്നാണ് (അൺഫിറ്റ്) സ്വന്തം ബോധ്യമെന്നും, പാർട്ടി നൽകിയ സ്ഥാനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റായി ഡീൻ കുര്യാക്കോസ് വരണമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി എം.പി. രംഗത്തെത്തിയത്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും യുദ്ധം നടത്തിയല്ല ഇത്തരം പദവികൾ തീരുമാനിക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും അതിനെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് നേതാക്കളെപ്പോലെ തന്നെ കാണരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നെ അറിയാവുന്നവർക്ക് ഈ പദവിയിലേക്ക് താൻ സ്വയം ഉയർത്തിക്കാട്ടില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗ്രഹിച്ച പദവികളിലെല്ലാം ദൈവാനുഗ്രഹത്താലും, തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയാലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അർഹതയില്ലാതെ ഒരു സ്ഥാനവും ഇതുവരെ ആരോടും ചോദിച്ചിട്ടില്ലെന്നും ഇനി ചോദിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഹൈക്കമാൻഡ് ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും, തന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഇത്തരം ക്യാമ്പയിനുകളിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു. ജനപ്രതിനിധി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ അധ്വാനിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ഡീൻ കുര്യാക്കോസിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ,KPCC പ്രസിഡൻ്റ് സ്ഥാനത്ത് ഉചിതമായ പേര് പാർട്ടിയുടെ ഉന്നത നേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും…വ്യക്തിപരമായി എൻ്റെ പേരും പാർട്ടിയുടെ കേരള സംസ്ഥാനത്തെ ഏറ്റവും ഉന്നത പദവിയിലേക്ക് നിർദ്ദേശിക്കുന്ന തരത്തിൽ അടുത്ത സുഹൃത്തുക്കൾ ഉൾപ്പടെ നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി…ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ് എന്ന് ഓർമ്മപ്പെടുത്തട്ടെ…പല കാരണങ്ങളുമുണ്ട്
1 ) എന്നെ അറിയാവുന്ന ആളുകൾക്ക് അറിയാം ഞാൻ ഈ പദവിയിലേക്ക് എന്നെ സ്വയം ഉയർത്തി കാണിക്കില്ലായെന്ന്..അർഹതയില്ലാതെ ഞാൻ ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ല.. ഇനി ചോദിക്കുകയുമില്ല..
2) ഞാൻ ആഗ്രഹിച്ച പദവിയിൽ എല്ലാം തന്നെ ദൈവം സഹായിച്ച് എനിക്ക് എത്തിചേരാൻ സാധിച്ചിട്ടുണ്ട്.. എൻ്റെ അധ്വാനവും ,അത് തിരിച്ചറിഞ്ഞവരായ നേതാക്കളും എന്നെ നല്ല വിധത്തിൽ സഹായിച്ചിട്ടുമുണ്ട്…. അവരോടുള്ള കടപ്പാട് എന്നുമുണ്ടായിരിക്കും..അർഹതയില്ലാത്ത ഒരു പദവിയും ഞാൻ തേടി പോയിട്ടുമില്ല..ആ നിലയിൽ ഇപ്പോൾ KPCC പ്രസിഡൻ്റ് പദവിയിൽ ഞാൻ Unfit ആണ് എന്നാണ് എൻ്റെ ബോധ്യം..
3) വാട്ട്സ്ആപ്പിലും, FB യിലും യുദ്ധം നടത്തിയല്ല ഈ പദവിയൊക്കെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് അതിനെയൊക്കെ പ്രോൽസാഹിപ്പിക്കുന്നവരായ നേതാക്കളെ പോലെ എന്നെ കരുതുകയുമരുത്..
പാർട്ടി എനിക്ക് നൽകിയ എല്ലാ സ്ഥാനങ്ങളിലും ഞാൻ തികഞ്ഞ സംതൃപ്തിയുളളയാളാണ്.. ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ആത്മ വിശ്വാസത്തോടെ അധ്വാനിക്കുകയുമാണ്..പാർട്ടി ഹൈക്കമാൻ്റ് ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തുന്നതു വരെ അതിന് കാത്തിരിക്കുകയാണ് വേണ്ടതെന്നും, എന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഈ ക്യാമ്പയിനിൽ പങ്കാളികളായിട്ടുള്ളവർ നവ മാദ്ധ്യമങ്ങളിലെ ഈ ശ്രമത്തിൽ നിന്നും പിന്തിരിയണമെന്നും, വിനീതമായി അഭ്യർത്ഥിക്കുന്നു



















