ന്യൂഡല്‍ഹി: ഇന്ന് യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കുന്നത്. ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.
നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.



















