‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

Feb 10, 2026

seena

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ഗംഗാധരൻ. കുടുംബത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസവും മകൾ തന്നെ വിളിച്ചിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു.

” കുടുംബപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസവും മകൾ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. എന്തിനാണ് മകൾ ഇങ്ങനെ ചെയതതെന്ന് അറിയില്ല” ഗംഗാധരൻ പറഞ്ഞു. കേസിൽ ചിന്നുവിന്റെ ആൺ സുഹൃത്തിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ ആദ്യം സംഭവസ്ഥലത്ത് എത്തുമ്പോൾ ചിന്നു താമസിച്ചിരുന്ന വാടകവീടിന്റെ വാതിൽ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

ചിന്നുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആദൂര്‍ സ്വദേശി ചിന്നു പാപ്പുവിനെ ഇന്നലെയാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.

cake tower new
LATEST NEWS