ആപ്പിള്‍ സ്റ്റോറുകളിലെ റിട്ടേണ്‍ തട്ടിപ്പുകള്‍ക്കും വ്യാജ തിരിച്ചുവരവുകള്‍ക്കും തടയിടാന്‍ പുതിയ ആന്റി-തെഫ്റ്റ് സ്‌കാനിങ് സംവിധാനവുമായി ആപ്പിള്‍ രംഗത്ത്. വ്യാജന്മാര്‍ പുതിയ ഐഫോണുകള്‍ വാങ്ങി അവയുടെ അകത്തെ ഘടകങ്ങളോ പാര്‍ട്‌സുകളോ ഊരിയെടുത്ത ശേഷം, ഒറിജിനല്‍ പോലെ സീല്‍ ചെയ്ത് തിരികെ സ്റ്റോറുകളില്‍ നല്‍കുന്ന തട്ടിപ്പ് രീതികള്‍ക്ക് അറുതി വരുത്താനാണ് പുതിയ സാങ്കേതികവിദ്യ.
സാധാരണയായി ഉപഭോക്താക്കള്‍ ഐഫോണ്‍ തിരികെ നല്‍കുമ്പോള്‍, ഉത്പന്നം കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ജീവനക്കാര്‍ പാക്കിങ്ങിന്റെ സീല്‍ പൊട്ടിച്ച് ബോക്‌സ് തുറക്കേണ്ടി വരാറുണ്ട്. സീല്‍ പൊട്ടിച്ചു കഴിഞ്ഞാല്‍ ആ ഉത്പന്നം വീണ്ടും സ്റ്റോക്ക് സെല്‍ഫിലേക്ക് നേരിട്ട് മാറ്റാന്‍ കഴിയില്ല. പകരം അവ വെയര്‍ഹൗസുകളിലേക്ക് പ്രോസസിങ്ങിനായി അയക്കേണ്ടി വരുന്നു. ഇത് ആപ്പിളിന് വലിയ തോതിലുള്ള ഇന്‍വെന്ററി നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍ ഈ പുതിയ സ്‌കാനര്‍ ഉപയോഗിച്ച്, ഐഫോണ്‍ ബോക്‌സ് സീല്‍ പൊട്ടിക്കാതെ തന്നെ അകത്തുള്ള ഫോണ്‍ ഒറിജിനലാണോ എന്നും അതിലെ എല്ലാ ഭാഗങ്ങളും കേടുകൂടാതെ ഇരിപ്പുണ്ടോ എന്നും പരിശോധിക്കാന്‍ സാധിക്കും. ആപ്പിള്‍ സ്റ്റോറുകളില്‍ ഇതിനകം ഉപയോഗത്തിലുള്ള ‘പ്രെസ്റ്റോ’ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് പുതിയ സ്‌കാനിങ് ഡിവൈസ് വികസിപ്പിച്ചിരിക്കുന്നത്.
പുതിയ സംവിധാനം വ്യാജന്മാര്‍ക്ക് പണിയാകുമ്പോള്‍, സാധാരണ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. ഐഫോണ്‍ വാങ്ങി, മനസ്സില്ലാതെ തിരികെ നല്‍കുന്ന യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും തടസ്സങ്ങളില്ലാതെയും റിട്ടേണ്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. പാക്കറ്റ് തുറക്കാതെ തന്നെ പരിശോധന വിജയകരമായി പൂര്‍ത്തിയാകുന്നതിനാല്‍, സീല്‍ ചെയ്ത ബോക്‌സ് യാതൊരു പ്രശ്‌നവുമില്ലാതെ വീണ്ടും സ്റ്റോക്കിലേക്ക് എടുത്തു വില്‍പന നടത്താന്‍ സ്റ്റോറുകള്‍ക്ക് സാധിക്കും. പുതിയ ഐഫോണ്‍ മോഡലുകളുടെ വരവോടെ സ്റ്റോറുകളില്‍ വര്‍ധിച്ചുവരുന്ന റിട്ടേണ്‍ തിരക്കുകളും തട്ടിപ്പുകളും ഒഴിവാക്കാന്‍ ആപ്പിളിന്റെ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



















