തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെത്തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്വിന്. പെണ്‍കുട്ടിയുടെ സഹോദരന് ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ഉള്‍പ്പെടെ മൂന്നു പേര് ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസിനോട് സംസാരിക്കാമെന്ന് പറഞ്ഞാണ് കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കിരണിനെ തിരഞ്ഞ് കടലിന്റെ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചോടിച്ചെന്നും സുഹൃത്ത് വെളിപ്പെടുത്തി.

നേരത്തെ, കിരണി(25)ന്റേതെന്നു സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്തു കണ്ടെത്തിയിരുന്നു. ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ജീർണിച്ച നിലയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് അറിയിച്ചു. കിരണിന്റെ തിരോധാനത്തിന് ഉത്തരമാകുമെങ്കിലും അപകടമാണോ അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. കിരണിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ ഇപ്പോഴും ഒളിവിലാണ്.
പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണിനെ കഴിഞ്ഞ 9 ന് ഉച്ചകഴിഞ്ഞാണു കാണാതായത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരൺ എത്തിയത്. പെൺകുട്ടിയെ വീടിനു സമീപം കണ്ട ശേഷം മടങ്ങുമ്പോൾ അവരുടെ ബന്ധുക്കൾ മർദിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തെന്നാണു സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചത്. ആഴിമല കടൽത്തീരത്തു നിന്നു പിന്നീടു കിരണിന്റെ ചെരിപ്പ് കിട്ടി. തീരത്തേക്കു പോകുന്ന റോഡിലൂടെ കിരൺ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചു.


















