‘എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും’; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

Sep 25, 2026

seena

മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം തുടരുന്ന സംവിധായകൻ സനൽകുമാർ ശശിധരനെ വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഭവത്തിൽ മഞ്ജു എടുത്ത നീക്കത്തെ മല്ലിക സുകുമാരൻ അഭിനന്ദിക്കുകയും ചെയ്തു. എങ്ങനെയെങ്കിലുമൊക്കെ ജന മധ്യത്തിലൊരു സംസാര വിഷയമാകാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും നടി പറഞ്ഞു.

വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസമാണ് സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകിയത്. നിരന്തരമായി തന്നെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പരാമർശങ്ങളും അപവാദപ്രചരണവും നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

“മഞ്ജു വാര്യർ പ്രതികരിക്കണം എന്നൊരു സംഭവം കണ്ടു. എന്തോന്ന് പ്രതികരിക്കണം. അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കുക. ഒരുത്തൻ കിടന്ന് എന്തോ വിചിത്ര സ്വഭാവമുള്ളവനായി പോയി, ഏതാണ്ടൊക്കെ പറയുന്നു, എടുക്കുന്നു. എവിടെയായിരുന്നു ഇയാള് ? . അതൊന്നും അനുവദിച്ചു കൊടുക്കരുത്. അവിടെയൊക്കെയാണ് ‍ഞാൻ ഈ ജുഡീഷ്യറിയെ ബഹുമാനിക്കുന്നത്. വേറൊന്നും കൊണ്ടല്ല.

എന്തോ ആകട്ടെ. കല്യാണം കഴിഞ്ഞ് അവരുടെ മകൾ ഒരു ഡോക്ടറായി, എല്ലാമായി. ഇത്രയും കാലമില്ലാത്ത പോലെ വായ കെട്ടിവച്ചിരിക്കുകയാണെന്നൊക്കെ പറഞ്ഞ് ഒരുത്തൻ സെക്രട്ടറിയേറ്റിന് മുന്നിൽ ചെന്ന് നാല് ബൊമ്മയെടുത്ത് വച്ചിരിക്കുകയാണ്. ഞങ്ങൾക്ക് വേണേൽ സ്റ്റാച്യു റോഡ് മൊത്തം വയ്ക്കാനുള്ള അവാർഡുകൾ എന്റെ വീട്ടിലിരിപ്പുണ്ട്.

എങ്ങനെയെങ്കിലുമൊക്കെ ജന മധ്യത്തിലൊരു സംസാര വിഷയമാകാനാണ് ഇതൊക്കെ. ഇവൻ മാന്യനാണെങ്കിൽ ഇങ്ങനെയൊക്കെ കാണിക്കുമോ ?. സെക്രട്ടറിയേറ്റ് നടയിലൊക്കെ പോയി ഇരുന്നിട്ട്. എനിക്കറിയാൻ മേലാഞ്ഞിട്ട് ഞാൻ ചോദിക്കുവാ. അങ്ങനെയാണെങ്കിൽ എനിക്ക് ആരെയെങ്കിലുമൊക്കെ കുറിച്ച് എന്തെല്ലാം പറയാം.

സത്യങ്ങളെന്തെല്ലാം നമ്മുടെയൊക്കെ മനസിൽ കിടക്കുന്നു. നമ്മാളാരെങ്കിലും എന്തെങ്കിലും പറയാറുണ്ടോ ?. എന്തിനാ. ഓരോരുത്തർ കുടുംബമായിട്ട് കഴിയുന്നു. നമ്മളെ പറഞ്ഞോട്ടേ. അവരവരുടെ കുടുംബവുമായി സമാധാനമായിട്ട് കഴിയട്ടേ, മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായിട്ട്. മിണ്ടാതിരിക്കുക. ഒരുപക്ഷേ നമ്മളോട് ദേഷ്യം തോന്നിയാൽ, തോന്നിക്കോട്ടേ.

അതിലൊന്നും നമുക്ക് വിരോധമില്ല. പക്ഷേ, അറിഞ്ഞു കൊണ്ട് ഒരു കുടുംബത്തെ വേദനിപ്പിക്കുക എന്ന് പറയുന്നതൊന്നും ഒരു ദൈവത്തിന്റെ മുൻപിലും മാപ്പ് കിട്ടുന്ന പരിപാടിയല്ല. അപ്പോൾ, അങ്ങനെയുള്ളവർ നിരന്തരം മാനസിക പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കും. അതിലൊന്നായിരിക്കും ഇത്. അതിന്റെ ഇടയ്ക്ക് ചില ആർട്ടിസ്റ്റുകൾ, ഇത് പ്രതികരിക്കേണ്ടതാണ്, ഇങ്ങനെ നിശബ്ദയായിട്ട് ഇരിക്കേണ്ടതാണ് എന്നൊക്കെ പറഞ്ഞു വന്നു.

എന്തൊരു വൃത്തിക്കെട്ട കാര്യത്തിനാണ് ഇതൊക്കെ. മിടുക്കി, എനിക്ക് മഞ്ജു വാര്യരെ കണ്ടാൽ ഒന്ന് കെട്ടിപിടിച്ച് അഭിനന്ദിക്കണമെന്നുണ്ട്. മിടുക്കി, അവൾ കേസ് കൊടുത്തു. എനിക്ക് ജൂഡീഷ്യറിയോട് ഒന്നേ പറയാനുള്ളൂ, ഞങ്ങൾക്കെല്ലാം ആശ്രയമെന്ന് പറയുന്നത് ഇവിടുത്തെ നിയമവ്യവസ്ഥിതിയാണ്. അതിനകത്ത് നിന്നുകൊണ്ട് തെറ്റുകാരൻ ആരായാലും ശിക്ഷിക്കപ്പെടണം.

തെറ്റ് ചെയ്തില്ലെങ്കിൽ അരുത്. പക്ഷേ അത് ചുമ്മാ പറയരുത്. അത് സാധാരണക്കാർക്ക് ബോധ്യമാകണം. കൃത്യമായിട്ടുള്ള ശിക്ഷാവിധികൾ നടപ്പിലാക്കിയെങ്കിലേ വരും തലമുറക്കെങ്കിലും ഒരു പേടി വരുകയുള്ളൂ. പേടി വന്നെങ്കിൽ അല്ലേ തെറ്റുകൾ കുറയുകയുള്ളൂ”. – മല്ലിക സുകുമാരൻ പറഞ്ഞു.

cake tower new
LATEST NEWS
കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍...