യുവാവിനെ മര്‍ദിച്ചയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; മംഗലപുരം എസ്‌.ഐ.ക്ക് സസ്‌പെന്‍ഷന്‍

Nov 27, 2021

മംഗലപുരം: യുവാവിനെ മര്‍ദിച്ചയാളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്.ഐ.ക്ക് സസ്പെന്‍ഷന്‍. എസ്‌.ഐ വി.തുളസീധരന്‍ നായരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

കേസെടുക്കാന്‍ വൈകിയതും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതും എസ്.ഐ.യുടെ വീഴ്ചയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ്.ഐക്കെതിരേ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി.യും റൂറല്‍ എസ്.പി.യും മംഗലപുരം സ്റ്റേഷനിലെത്തി അന്വേഷണവും നടത്തി. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. സംഭവത്തില്‍ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് കണിയാപുരം സ്വദേശി അനസിന് നടുറോഡില്‍ മര്‍ദനമേറ്റത്. ബൈക്കില്‍ പോകുമ്പോള്‍ അക്രമികള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. സംഭവം നടന്ന പ്രദേശത്തിന്റെ സ്റ്റേഷന്‍ അതിര്‍ത്തി പ്രശ്‌നം പറഞ്ഞാണ് കഠിനംകുളം പോലീസും മംഗലപുരം പോലീസും ഉരുണ്ടുകളിച്ചത്. ഒടുവില്‍ മംഗലപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രധാന പ്രതിയായ ഫൈസലിനെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും നിസാരവകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അനസിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പിന്നീട് പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പരാതി ഉയര്‍ന്നത്.

LATEST NEWS