ആറ്റിങ്ങൽ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദാക്കൽ ഇളമ്പ വില്ലേജ് ഓഫീസിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ബി കെ എം യു മാർച്ചും ധർണ്ണയും നടത്തി. ബി കെ എം യു സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം അസി:സെക്രട്ടറി കോരാണി വിജു, ഡി.അനിൽകുമാർ, എം അനിൽ, ശരൺ ശശാങ്കൻ, എം ഷാജി, സി എസ് ബാബു, വേണു ബാബുരാജൻ എന്നിവർ സംസാരിച്ചു.
ബികെഎംയു നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം വില്ലേജ് ഓഫിസുകളിലേക്ക് നടത്തിയ പ്രാക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ഇളമ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. കർഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, ഭൂഉടമവിഹിതം കൃത്യമായി പിരിച്ചെടുക്കുക, കർഷകതൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഒറ്റൂർ വില്ലേജ് ഓഫീസ് മാർച്ച് സിപിഐ മണ്ഡല സെക്രട്ടറി സി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ സുലി അധ്യക്ഷത വഹിച്ച യോഗത്തിൽ മോഹൻദാസ്, ആറ്റിങ്ങൽ ശ്യാം എന്നിവർ സംസാരിച്ചു. അഴൂർ വില്ലേജ് ഓഫീസ് മാർച്ച് വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. വിനോദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് വിജയദാസ്, ഗംഗാ അനി എന്നിവർ സംസാരിച്ചു

















