തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെൽവിൻ ശേഖറിന്റെ അവയവങ്ങൾ മൃതസഞ്ജീവനി പദ്ധതി വഴി ദാനം ചെയ്യും. അവയവങ്ങളുമായി ഹെലികോപ്റ്റർ ഉടൻ കൊച്ചിയിലേക്ക് തിരിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.
സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് നൽകുമെന്നുമാണ് വിവരം. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും.
അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചു. കൊച്ചിയിലെ ഹെലിപ്പാഡിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് മാർഗമാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.

















