പുതുപ്പള്ളിയില്‍ മാസപ്പടി ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍

Aug 16, 2023

seena

കോട്ടയം: മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി ഉള്‍പ്പടെ ആറ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ടവര്‍ ഓടിയൊളിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയേണ്ട ആളാണ്. രണ്ടുപേരും ഒന്നും പറയുന്നില്ല. എന്നിട്ട് പാര്‍ട്ടി പറയുമെന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തില്‍ ഗോവിന്ദനാണോ മറുപടി പറയേണ്ടത്?. എംവി ഗോവിന്ദന്‍ ആ കമ്പനിയുടെ പാര്‍ട്ട്ണറൊന്നുമല്ലല്ലോ. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.

ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. അദ്ദേഹം ഒരു ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ക്കും ഒരു ചോദ്യവും ചോദിക്കാന്‍ പറ്റില്ല. പെന്‍ഷന്‍ പോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ല, സംസ്ഥാനത്ത് എല്ലാ വികസനപ്രവര്‍ത്തനവും സ്തംഭിച്ചു. സപ്ലൈകോയെ കെഎസ്ആര്‍ടിസി പോലെയാക്കി. വെള്ളക്കരവും വൈദ്യുതി ചാര്‍ജ്, ഇന്ധന സെസ് എല്ലാ കൂട്ടി എന്നിട്ടാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്.

പുതുപ്പള്ളിയിലെ ജനങ്ങളോടും കേരള സമൂഹത്തോടും പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുകയെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിയില്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കെതിരെയും കേസ് എടുത്തു. മാസപ്പടി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ മാത്യു കുഴല്‍നാടനെതിരെ കേസ് എടുക്കുകയാണ്. ഇതിലും പിണറായി വിജയന്‍ മോദിയെ പിന്തുടരുകയാണെന്ന് സതീശന്‍ പറഞ്ഞു.

cake tower new
LATEST NEWS