അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു.

ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. രാജ്കോട്ടിൽ റോഡിലെ വെള്ളക്കെട്ടിൽ മോട്ടോർസൈക്കിൾ വീണ് ഒഴുക്കിൽപ്പെട്ട അമ്പതുകാരൻ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയിൽ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീൻ കുളത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.


















