തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 45,68,11,037 രൂപ (45.68 കോടി രൂപ) അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഐ.ടി. സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് ഈ വികസന ഫണ്ട് വിനിയോഗിക്കുക.

എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ₹13.48 കോടി അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി ₹5.60 കോടിയും, കാര്യവട്ടം ഗവ: കോളജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി ₹ 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്സ് & സയൻസ് കോളജിൻ്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി ₹1.29 കോടി രൂപയും,വടകര മടപ്പള്ളി ഗവൺമെന്റ് കോളജിൽ പുതിയ ആർട്സ് ബ്ലോക്കിനായി ₹1.34 കോടിയും , ഗവൺമെന്റ് കോളജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് ₹1.98 കോടിയും,കരുനാഗപ്പള്ളി ഗവണ്മെന്റ് കോളജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് ₹1.29 കോടിയും ,കെ.കെ.ടി.എം. ഗവൺമെന്റ് കോളജിന് ₹1.27 കോടിയും ,എളേരിത്തട്ട് ഇ.കെ.എൻ.എം കോളജിന് ₹99.68 ലക്ഷവും,തോളന്നൂർ ഗവൺമെന്റ് കോളജിന് ₹98.35 ലക്ഷവും ഉൾപ്പടെയാണ് അനുവദിച്ചിരിക്കുന്നത്.


















