കോഴിക്കോട്: ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്തു തന്നെ സിദ്ദിഖിന്റെ എടിഎം പിന്‍ ഷിബിലി മനസ്സിലാക്കിയിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ്. അതുകൊണ്ടാണ് എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ ഹണി ട്രാപ്പിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാം. ഫര്‍ഹാനയുടെ പിതാവും സിദ്ദിഖുമായി പരിചയമുണ്ട്. ഫര്‍ഹാന ഫോണില്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഷിബിലിക്കു ഹോട്ടലില്‍ ജോലി കൊടുത്തത്. ഫര്‍ഹാനയും സിദ്ദിഖും തമ്മില്‍ മുമ്പ് സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടുക തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഷിബിലിയാണ് സിദ്ദിഖിനെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തിയത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലില്‍നിന്നു ഷിബിലിയെ പിരിച്ചുവിട്ടിരുന്നു എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
19ന് രാത്രിയാണ് മൃതദേഹം ചുരത്തില്‍നിന്നു വലിച്ചെറിഞ്ഞത്. അത് ആഷിക്കിന്റെ ആശയമാണ്. അയാള്‍ക്ക് ആ സ്ഥലം നന്നായി അറിയാം. സിദ്ദിഖിന്റെ കാറില്‍ മൂന്നു പേരും ചേര്‍ന്നാണ് മൃതദേഹം അടങ്ങിയ ബാഗ് കൊണ്ടുപോയത്. അതിനു ശേഷം കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചു. ഫര്‍ഹാനയെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു.
24ന് വെളുപ്പിനാണ് ഷിബിലിയും ഫര്‍ഹാനയും ട്രെയിന്‍ കയറി ചെന്നൈയ്ക്കു പോയത്. അവിടുന്ന് അസമിലേക്കു കടക്കാനായിരുന്നു പദ്ധതി. അവിടേക്കുള്ള ട്രെയിനില്‍ കയറുന്നതിനു മുമ്പു പിടിയിലായി. സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗില്‍ കയറുന്നില്ലെന്നു കണ്ടപ്പോളാണ് കഷണങ്ങളാക്കാന്‍ പ്രതികള്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി നഗരത്തിലെ കടയില്‍നിന്നു കട്ടര്‍ വാങ്ങുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
കൊലപാതകം നടത്തിയ ദിവസം മാനാഞ്ചിറയിലെ കടയില്‍നിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതില്‍ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം പോയി കട്ടര്‍ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി.
കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. അതു രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഇട്ടു. ഇത് എവിടെയൊക്കെയന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇവരെ ഇവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു.

















