ലണ്ടന്‍: 2027ല്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഇല്ലാത്തതും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നുള്ള വരുമാനവിഹിതത്തില്‍ കുറവുണ്ടാകുമെന്നതുമാണ് ഇംഗ്ലീഷ് ക്രിക്കറ്റിന് തിരിച്ചടിയാകുന്നത്. ഇതോടെ 2027ല്‍ ഏകദേശം 50 ദശലക്ഷം പൗണ്ട് (ഏകദേശം 627 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പര സ്വന്തം മണ്ണില്‍ നടക്കുന്ന വര്‍ഷം കൂടിയാണിത്.
ഇന്ത്യന്‍ ടീമിന്റെ പര്യടനം ഇല്ലാത്തത് ഇസിബിയുടെ സംപ്രേഷണ വരുമാനത്തെ കാര്യമായി ബാധിക്കും. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരകളുടെ സംപ്രേഷണാവകാശത്തിന്റെ മൂല്യം എതിരാളികളായി എത്തുന്ന ടീമുകളെ ആശ്രയിച്ചാണ് പ്രധാനമായും നിര്‍ണയിക്കപ്പെടുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വലിയ പ്രേക്ഷകശ്രദ്ധയും വാണിജ്യ മൂല്യവുമുള്ളതിനാല്‍ ഇന്ത്യന്‍ പര്യടനം ഇല്ലാത്തത് വലിയ വരുമാനനഷ്ടത്തിന് കാരണമാകും. ഇതിനുപുറമെ, 2027ല്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കേണ്ട സംപ്രേഷണ വരുമാനത്തിന്റെ ഒരു ഭാഗം പിടിച്ചുവയ്ക്കാനാണ് ഐസിസിയുടെ തീരുമാനം. ഇത് 12 ഫുള്‍ടൈം അംഗങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2025ല്‍ 12.6 ദശലക്ഷം പൗണ്ടിന്റെ ലാഭം രേഖപ്പെടുത്തിയ ബോര്‍ഡാണ് ഇസിബി. എന്നാല്‍ 2027ലെ സാമ്പത്തിക വര്‍ഷം നേരത്തെ തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. നഷ്ടം 35 ദശലക്ഷം പൗണ്ടിനടുത്ത് (ഏകദേശം 439 കോടി രൂപ) ആയി പരിമിതപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇസിബി. ഇതിനായി ഐസിസിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വാണിജ്യ കരാറുകളിലൂടെയും വിവിധ പരിപാടികളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനും ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.
2028ല്‍ ആരംഭിക്കുന്ന അടുത്ത വാണിജ്യ ചക്രത്തില്‍ ഐസിസിക്ക് ലഭിക്കുന്ന സംപ്രേഷണ വരുമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിനായാണ് 2027ല്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട തുകയുടെ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള നീക്കം. നിലവിലെ വാണിജ്യ ചക്രത്തിന്റെ അവസാന വര്‍ഷമാണ് 2027. ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ സാധാരണയായി ഈ വര്‍ഷം അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കേണ്ടതാണ്.
സോണി പിക്ചേഴ്സുമായി ഇസിബിക്ക് നിലവില്‍ ആറുവര്‍ഷത്തെ സംപ്രേഷണ കരാറുണ്ട്. 185 ദശലക്ഷം പൗണ്ട് (ഏകദേശം 2,323 കോടി രൂപ) മൂല്യമുള്ള കരാര്‍ 2028ല്‍ അവസാനിക്കും. അടുത്ത കരാറില്‍ ഇതിലും കുറഞ്ഞ തുകയായിരിക്കും ലഭിക്കുകയെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിനെയും ബാധിച്ചേക്കാം. ഇംഗ്ലണ്ടിലെ 18 കൗണ്ടി ടീമുകളില്‍ പത്തെണ്ണവും ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകളില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഇസിബിയുടെ സാമ്പത്തിക സഹായത്തെയാണ് ആശ്രയിക്കുന്നത്. ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടായാല്‍ ആഭ്യന്തര ക്രിക്കറ്റിനുള്ള സാമ്പത്തിക പിന്തുണയും കുറയാനിടയുണ്ട്.



















