ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഏഴു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തിസ്ഗഡിന് മുകളിൽ ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. ഡിസി ബുക്‌സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈ വില്‍ നടന്ന ഗുണാകേവ് എക്‌സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാർശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും, അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് കണ്ണൂരിൽ ചികിത്സയിലായിരുന്നു.ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം.