‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

ഒരു തരത്തിലും ഇത്തരത്തിലൊരു നടപടി വെച്ചുപൊറുപ്പിക്കില്ല. മദ്യനയം സര്‍ക്കാരാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ ചര്‍ച്ച നടക്കുന്നതിനു മുമ്പു തന്നെ മാധ്യമങ്ങളില്‍ പലതരത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിന്റെ മറവില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ശബ്ദരേഖ കലാപരിപാടികള്‍ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണല്ലോ. ബാക്കി കാര്യങ്ങള്‍ നോക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരം തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ല. ആരായിരുന്നാലും അതിനെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചര്‍ച്ച നടക്കേണ്ടതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളുടെ ഉറവിടം എന്താണെന്ന് അറിയില്ല. ഐടി പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ മദ്യനയത്തിലുള്ളതാണ്. അതിന് നിയമസഭ കമ്മിറ്റിയുടെ അപ്രൂവല്‍ കിട്ടിയിട്ടുണ്ട്.

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസർകോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്.

ഇവരുടെ ഫോണുകൾ പൊലീസ് നിരീക്ഷണത്തിലാക്കിയതിനു പിന്നാലെയാണ് പ്രതി കുടുങ്ങിയത്. മാല പിടിച്ചുപറിച്ച കേസുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോ​ഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക.

മഴ: തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു, യാത്രാബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഴ: തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു, യാത്രാബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു. ജനറല്‍ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു.

നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. രാവിലെയാണ് അപകടം. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും മരം പൊട്ടി വീഴുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 30 40 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട മറ്റു സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കുളിമുറി ദൃശ്യം പകർത്തി; ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു: അറസ്റ്റ്

കുളിമുറി ദൃശ്യം പകർത്തി; ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു: അറസ്റ്റ്

കൊല്ലം: നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ട് പ്രതികൾക്കൊപ്പം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി.

പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർകോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.