by liji HP News | Jul 25, 2024 | Latest News, കേരളം
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തിൽ പരിശോധിക്കും.
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന തുടങ്ങുമ്പോൾ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. ഇതിന് മുന്നോടിയായാണ് പരിശോധന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കാർവാർ സ്റ്റേഷനിൽ എത്തിച്ചു. ഡ്രോൺ പറഞ്ഞി തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിവരം ലഭിക്കും.
പുഴയിൽ ഇറങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ നേവിയുടെ മുങ്ങൽ വിദഗ്ധൻമാർ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ച് നിർത്തുന്നതിനുള്ള ജോലി പൂർത്തിയാക്കുക.ലോറിയിൽ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.
കര-നാവിക സേനയും എൻഡിആർഎഫും അഗ്നിരക്ഷാ സേനയും മടക്കം 200 ഓളം പേർ ദൗത്യത്തിന്
ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നു. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കാളിയാകുന്നു. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്തുണ്ട്. കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
by liji HP News | Jul 25, 2024 | Latest News, കേരളം
കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.
by liji HP News | Jul 25, 2024 | Latest News, കേരളം
കോഴിക്കോട്: സൈബർ ആക്രമണത്തിൽ പരാതി നൽകി മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.
അതിനിടെ കർണാടക ഷിരൂരിൽ നദിയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ലോറി കരയിൽ തന്നെയുണ്ടാകും എന്ന രഞ്ജിത്തിന്റെ വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. 16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തിൽ ഏറ്റുമുട്ടുന്നത്.
അതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി കണ്ടെത്തിയിരുന്നു. ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
by liji HP News | Jul 25, 2024 | Latest News, കേരളം
കൊച്ചി : മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിൽ ആണ് മരിച്ചത്. 65 വയസ്സായിരുന്നു.പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഫാദർ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
by liji HP News | Jul 25, 2024 | Latest News, കേരളം
ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില.
ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്. പവന് 760 രൂപയും താഴ്ന്നു. വിവാഹാവശ്യത്തിനും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് സന്തോഷകരമായ ദിവസങ്ങളാണ് സ്വര്‍ണത്തില്‍ കാത്തിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 5,310 രൂപയിലെത്തി. വെള്ളി വില മൂന്നു രൂപ കുറഞ്ഞ് ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം.
പത്തുദിവസത്തിനിടെ വന്‍കുറവ്
10 ദിവസത്തിനിടെ 3,800 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈ 17ന് സ്വര്‍ണവില പവന് 55,000 രൂപയെന്ന ഈ മാസത്തെ റെക്കോഡ് നിലയിലായിരുന്നു. അവിടെ നിന്നാണ് വില താഴേക്ക് പതിച്ചത്. ജൂലൈ ആരംഭിക്കുമ്പോള്‍ സ്വര്‍ണവില 53,000 രൂപയുമായിരുന്നു.
മെയ് 20ന് രേഖപ്പടുത്തിയ 55,120 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ്. ഇന്നത്തെ 51,200 രൂപയാണ് ഏപ്രില്‍ രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വില.
ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന അഭ്യൂഹങ്ങള്‍ വന്നു തുടങ്ങിയതു മുതല്‍ ഉപയോക്താക്കള്‍ ജാഗ്രതയിലായിരുന്നു. പലരും സ്വര്‍ണം ബജറ്റിനു ശേഷം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല
സ്വര്‍ണവില 50,000 രൂപയ്ക്ക് താഴെയെത്തുമെന്നായിരുന്നു വ്യാപാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട അത്രയും നികുതി കുറച്ചിട്ടും വിലയില്‍ പ്രതീക്ഷിച്ചത്ര കുറവു ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വന്‍കിട വ്യാപാരികളില്‍ ചിലരുടെ നിലപാടാണ് സ്വര്‍ണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകള്‍.
ചെറുകിടക്കാര്‍ പലരും കച്ചവടം കൂടുമെന്നതിനാല്‍ വിലക്കുറവിന് തയാറായെങ്കിലും വന്‍കിടക്കാര്‍ അവര്‍ക്കുണ്ടാകാവുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. അടുത്തിടെ സ്വര്‍ണം വാങ്ങിയ പല വ്യാപാരികളും ഉയര്‍ന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പഴയ സ്റ്റോക്ക് വിറ്റഴിച്ചശേഷം വിലകുറയ്ക്കാന്‍ ധാരണ ആകുമെന്നാണ് ലഭിക്കുന്ന വിവരം.
Recent Comments