ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൻ മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മീഷന്റെയും വാദം കോടതി കേട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പൊതുതാല്‍പ്പര്യമുണ്ടെന്നതിന് ഒരു തെളിവും വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണ്. വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടാനാകില്ല.

കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് 2019 ലാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു വിടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഷിരൂരിലേക്ക് ഹെലികോപ്റ്റർ; ​ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും

ഷിരൂരിലേക്ക് ഹെലികോപ്റ്റർ; ​ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിലെ തെരച്ചിലിൽ കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്. ​ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ‌ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ട ഏരിയൽ സർവേ വൈകിട്ട് അഞ്ച് മണിയോടെ നടത്തും.

അർജുന് ആയി തെരച്ചിൽ തുടരുകയാണ്. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്.ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറന്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്

വ്യാഴാഴ്ച: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്

വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം

യെല്ലോ അലര്‍ട്ട്

വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

വെള്ളിയാഴ്ച: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

ശനിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഞായറാഴ്ച : കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലര്‍ട്ട്. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മട്ടന്നൂരില്‍ ഓടുന്ന കാര്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മട്ടന്നൂരില്‍ ഓടുന്ന കാര്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകുന്നതിനിടെ, കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് മുങ്ങിയത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോകുന്നതിനിടെ, റോഡരികില്‍ വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഒഴുകുകയായിരുന്നു.

കാറിലുണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉരുള്‍ പൊട്ടല്‍ കാരണം കണ്ണൂര്‍ – മാനന്തവാടി റോഡിലെ പാല്‍ച്ചുരം അടച്ചിട്ടുണ്ട്.

മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ ആര്‍സി റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ ആര്‍സി റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആമയിഴഞ്ചാന്‍ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തും.

ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

സാംക്രമിക രോഗങ്ങള്‍ തടയാന്‍ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയില്‍വേ ഉറപ്പു വരുത്തണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ നീളമുള്ള ടണല്‍ ശുചീകരിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദേശശിച്ചു. ട്രയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷന്‍ വകുപ്പ് നടത്തും. 2000 മീറ്ററില്‍ പുതുതായി സ്ഥാപിക്കേണ്ട ഫെന്‍സിങ്ങിന്റെ പണി ഉടന്‍ ആരംഭിക്കും. രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗര്‍ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകള്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. രാജാജിന?ഗര്‍ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടന്‍ പ്രവര്‍ത്തി ആരംഭിക്കും.

മെറ്റല്‍ മെഷുകള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഫയര്‍ & റസ്‌ക്യു നേതൃത്വത്തില്‍ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നല്‍കും. 40 എ ഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.

രാജാജി നഗറില്‍ നിലവിലുള്ള തുമ്പൂര്‍മുഴി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറും അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എംസിഎഫ്/കണ്ടയിനര്‍ എംസിഎഫ് സ്ഥാപിക്കും. കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ഡിപ്പോയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്‌മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി.

പ്ലാമൂട്, കോസ്‌മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളിലെ കെഡബ്ല്യുഎയുടെ പമ്പിങ് സ്റ്റേഷനുകളില്‍ നിന്ന് ഓവര്‍ഫ്‌ളോ വെള്ളം ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൃഗശാലയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനത്തില്‍ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാന്‍ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളും. കെഎസ്ആര്‍ടിസി, തകരപറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍, ജനശക്തി നഗര്‍, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാന്‍ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നീര്‍ച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേല്‍നോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീര്‍ച്ചാല്‍ കമ്മിറ്റികള്‍ രൂപീകരിക്കല്‍, കുട്ടികളുടെ മേല്‍നോട്ടത്തില്‍ നീര്‍ച്ചാല്‍ പരിപാലനം മുതലായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യും. വെള്ളം കടലില്‍ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സുഗമമാക്കും.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടായി.