കനത്ത മഴ; പമ്പ, മണിമലയാറുകൾ കര കവിഞ്ഞു; അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം

കനത്ത മഴ; പമ്പ, മണിമലയാറുകൾ കര കവിഞ്ഞു; അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം

ആലപ്പുഴ: ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം. പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇട റോഡുകളും വെള്ളത്തിൽ മുങ്ങുകയാണ്.

അപ്പർ കുട്ടനാട്ടിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തായങ്കരി – കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡിൽ മുട്ടാർ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അതിനാൽ തായങ്കരി – കൊടുപ്പുന്ന റോഡു വഴിയുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തിവെച്ചിരിക്കുകയാണ്.

എടത്വാ- ആലംതുരുത്തി റോഡിൽ ആനപ്രമ്പാൽ പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും ഇടവിട്ട് ചെയ്യുന്ന കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.

മെട്രോ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡും ടാർപോളിനും വീണു; ​ഗതാ​ഗതം തടസ്സപ്പെട്ടു

മെട്രോ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡും ടാർപോളിനും വീണു; ​ഗതാ​ഗതം തടസ്സപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാർപ്പോളിൻ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാ​ഗത്തേക്കുമുള്ള മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാർപോളിൻ മാറ്റിയശേഷമാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്.

അഴൂരിൽ കോൺഗ്രസ്, ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

അഴൂരിൽ കോൺഗ്രസ്, ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

അഴൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ
കോൺഗ്രസ് അഴൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ബി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ നേതാക്കളായ കെ. ഓമന, നസിയാസുധീർ, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ബിജു ശ്രീധർ, സുരേഷ് ബാബു, എം.കെ. ഷാജഹാൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, റഷീദ് റാവുത്തർ, ജയാ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തോരാമഴ തുടരുന്നു, ഒരു മരണം കൂടി; വ്യാപക നാശം; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്

തോരാമഴ തുടരുന്നു, ഒരു മരണം കൂടി; വ്യാപക നാശം; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന തോരാമഴയില്‍ വ്യാപക നാശനഷ്ടം. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.

സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പുള്ളത്. എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂര്‍ മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. കര്‍ണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

ശക്തമായ മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അര്‍ധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡിൽ വാ​ഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാക്കി. മഴ മൂലം കുവൈത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു.

മലങ്കര തുറന്നു, കക്കയത്ത് ബ്ലൂ അലര്‍ട്ട്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ തുടര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ദേവദൂതന്റെ രണ്ടാം വരവ്; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

ദേവദൂതന്റെ രണ്ടാം വരവ്; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

രണ്ടാം വരവിൽ തിയറ്റർ പിടിക്കാനുള്ള ഒരുക്കത്തിലാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്. തിയറ്ററിൽ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്ന ചിത്രമാണ് ദേവദൂതൻ. ഫോർ കെ മികവിൽ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.