by liji HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരും.
തിങ്കളാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണെമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Jul 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.
2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. വിമർശനം ഉയർന്നതോടെ എസ് ഐക്ക് മെമ്മോയും താക്കീതും നൽകിയിരുന്നു.
by liji HP News | Jul 8, 2024 | Latest News, കേരളം
തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി.
പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ഗുണ്ടാനേതാവിന്റെ അനുചരന്മാർ സന്ദേശം നൽകിയിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
by liji HP News | Jul 8, 2024 | Latest News, കേരളം
1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നുവെന്ന് മേയർ അര്യാ രാജേന്ദ്രൻ. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ , തിരുവനന്തപുരം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.
1993, 2013 വർഷങ്ങളിൽ നഗരത്തിനായി കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും, അംഗീകൃത മാസ്റ്റർപ്ലാനായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. നഗരസഭാ പ്രദേശത്തു വിവിധ കാലഘട്ടങ്ങളിലായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനുകൾ, പഴക്കം ചെന്ന 12 വിശദ-നഗരാസൂത്രണ പദ്ധതികൾ എന്നിവ നിലനിന്നിരുന്നത് കൊണ്ട് നഗരവാസികൾ അനുഭവിച്ചു പോന്നിരുന്ന പല പ്രശ്നങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും മാസ്റ്റർപ്ലാൻ 2040 പ്രാബല്യത്തിലാകുന്നതോടെ പരിഹാരമാകും.
ഇതോടുകൂടി നഗരസഭ പരിധിയിൽ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 മാത്രമാകും ഇനി പ്രാബല്യത്തിൽ ഉണ്ടാവുക. വികസനത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുതിയ മാസ്റ്റർ പ്ലാൻ, വിഴിഞ്ഞം തുറമുഖം, IT പാർക്കുകൾ തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിടുന്നു.
നഗരത്തെ 23 മേഖലകൾ ആയി തിരിച്ചുകൊണ്ട്, 18 സെക്റ്ററുകളിലെ വികസന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചുകൊണ്ടും മിശ്രഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വികസന സാധ്യതയാണ് മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നത്. വാർഡ് തലങ്ങളിൽ ഉൾപ്പെടെ വികസന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പൊതുജനങ്ങളുടെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും നഗരത്തിൻ്റെ പൊതുവികസന ലക്ഷ്യങ്ങളും നിറവേറ്റാനും നഗരത്തിനെ നിക്ഷേപ സൗഹൃദമാക്കുവാനും മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
by liji HP News | Jul 6, 2024 | Latest News, കേരളം
ആറ്റിങ്ങൽ: കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ജി.ഗോപകുമാർ ഇനി ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ. ആറ്റിങ്ങൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ആറ്റിങ്ങലിൽ എത്തുന്നത്. കൊല്ലം പരവൂർ സ്വദേശിയാണ് ജി.ഗോപകുമാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകിയ നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവെച്ചിരുന്നു. ഈ സംഭവത്തോട് കൂടിയാണ് ഗോപകുമാർ സേനയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
2007ബാച്ചിലാണ് പോലീസ് സേനയിൽ പ്രവേശിക്കുന്നത്. 2008ൽ ആറ്റിങ്ങൽ, വർക്കല സ്റ്റേഷനുകളിൽ പ്രൊബേഷൻ എസ്.ഐ ആയിരുന്നു. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറആയും, ഇൻസ്പെക്ടർ ഓഫ് പോലീസ് ആയും ജോലി നോക്കി. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ നിരവധി കേസുകളിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെയും, കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്തിട്ടുണ്ട്. ഗോപകുമാർ ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്ന എല്ലാ സ്റ്റേഷനുകളിലെയും പ്രതികളുടെ പേടിസ്വപ്നമായിരുന്നു. മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഉള്ള മെഡൽ ഡി.ജി.പിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
Recent Comments