by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
കല്യാണത്തിനു മുന്‍പ് ചിരി അല്‍പം കൂടി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍വെച്ചാണ് യുവാവ് മരിച്ചത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഹോമിയോ ഹോസ്പിറ്റലിന് മൂന്നാം വാർഡ് കൗൺസിലർ ദീപ രാജേഷ് സെക്യൂരിറ്റി ക്യാമറ സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നാലാം വാർഡ് കൗൺസിലർ ശാന്തകുമാരി നിർവഹിച്ചു. ഡോ.മഞ്ജുള, തങ്കച്ചി, ഡോ. സൗമ്യലക്ഷ്മി, എച്ച് എം സി അംഗം ഗോപകുമാരൻ നായർ, രാജേഷ് മാധവൻ, ക്യാമറ സ്പോൺസർ സാബു, ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് കടന്നെങ്കിലും തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ആരെയും ഉറപ്പിക്കാതെ ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ കൊല്ലത്തും പത്തനംതിട്ടയിലും പരിഗണിക്കുന്നുണ്ട്. മാവേലിക്കരയും കോട്ടയവും ഇടുക്കിയും ബി.ഡി.ജെ.എസിനാണ്.തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ്, മുൻ ചെയർമാൻ ജി.മാധവൻനായർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മെട്രോമാൻ ഇ.ശ്രീധരൻ,
നടൻ കൃഷ്ണകുമാർ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഒ.രാജഗോപാലിനെപ്പോലെ സൗമ്യനും പുരോഗമനപ്രതിച്ഛായയുമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് ശ്രമം.
മതന്യൂനപക്ഷങ്ങളുടെ വോട്ടാണ് തിരുവനന്തപുരം വഴുതിപ്പോകാനിടയാക്കുന്നത്.
കുമ്മനം രാജശേഖരനെപ്പോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളവർക്ക് ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നാണ് അനുഭവം. പത്തനംതിട്ടയോടാണ് കുമ്മനത്തിന് താൽപര്യം. ഏറെക്കാലം കുമ്മനത്തിന്റെ കർമ്മഭൂമിയായിരുന്ന ശബരിമല ഉൾപ്പെട്ട പത്തനംതിട്ടയിൽ പാർട്ടിക്കും നല്ല വേരോട്ടമുണ്ട്. പത്തനംതിട്ടയിൽ കുമ്മനത്തിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാർട്ടി റിപ്പോർട്ട്. അതേസമയം ഈയിടെ പാർട്ടിയിലേക്ക് എത്തിയ പി.സി.ജോർജോ, മകൻ ഷോൺ ജോർജോ പത്തനംതിട്ടയിൽ എത്തുകയാണെങ്കിൽ കുമ്മനത്തെ കൊല്ലത്ത് പരിഗണിക്കും.
പാർട്ടിയിലെത്തിയ അനിൽ ആന്റണിയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളാണ് അനിൽ ആന്റണിയെ പരിഗണിക്കുന്ന മറ്റു മണ്ഡലങ്ങൾ. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രൻ ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പ്രമുഖ വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാസുരേന്ദ്രനെ പാലക്കാട്ടും കോഴിക്കോട്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മികച്ച പ്രകടനമാണ് ശോഭ നടത്തിയത്. പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണനയിലുണ്ട്. വടകരയിൽ സജീവൻ തന്നെ മത്സരിച്ചേക്കും. കണ്ണൂരിൽ സി.രഘുനാഥിനെ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വയനാട് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വന്നശേഷമേ തീരുമാനമുണ്ടാകൂ.
ഇക്കുറി ബി.ജെ.പി.സ്ഥാനാർത്ഥിയായിരിക്കും അവിടെ മത്സരിക്കുക. കാസർകോട്ട് രവീശതന്ത്രി തന്നെയാകും. വനിതാ സ്ഥാനാർത്ഥിയേയും പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ പട്ടികയിലുണ്ട്. രാധാകൃഷ്ണനെ ആലപ്പുഴയിലേക്ക് നിയോഗിക്കാനുമിടയുണ്ട്. ആലത്തൂരിൽ പട്ടികമോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടായിരിക്കും സ്ഥാനാർത്ഥി. അനിൽ ആന്റണിയല്ലെങ്കിൽ ചാലക്കുടിയിൽ സംസ്ഥാന വക്താവ് ടി.പി.സിന്ധുമോളെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നുണ്ട്. അല്ലെങ്കിൽ എ.എൻ.രാധാകൃഷ്ണനായിരിക്കും അവിടെ മത്സരിക്കുക. ബി.ഡി.ജെ.എസ്.നേതാവും എൻ.ഡി.എ.കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. മത്സരിക്കുകയാണെങ്കിൽ കോട്ടയത്തായിരിക്കും.
by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും.
നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു . വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്. ആദ്യ യോഗത്തില്‍ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയര്‍ന്നുവരണം എന്നതിനെക്കുറിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ന് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഏത് രീതിയില്‍ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവരായിരിക്കണം യുവജനങ്ങള്‍.
നമ്മുടെ യുവജനങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകര്‍ന്നാല്‍ ഒന്നും നേടാന്‍ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
by liji HP News | Feb 20, 2024 | Latest News, ജില്ലാ വാർത്ത
തൃശൂർ: ഉത്രാളിക്കാവ് മഹോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല. പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനായി ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എഡിഎംടി തള്ളി.
പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വെടിക്കെട്ട് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. അതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.
Recent Comments