ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും.

യോഗത്തിൽ മെഡിക്കൽ കോളജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് യോഗം. സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ നിലപാട്.

ഇന്നത്തെ യോഗത്തില്‍ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്‍റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികൾ പ്രതിസന്ധിയിലാകും.

കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു: പ്രതികൾക്ക് വധശിക്ഷ

കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു: പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകൻ ഷഫീഖും. ഇവർക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അൽ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു.

‘പല തവണ ബലാത്സംഗം ചെയ്തു, തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

‘പല തവണ ബലാത്സംഗം ചെയ്തു, തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.

യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി കോവളം പൊലീസില്‍ നല്‍കിയ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അടിമലത്തുറയിലെ ലോഡ്ജില്‍ വെച്ചാണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കുന്നത്തുനാട്ടിലും, ഈ യുവതി താമസിക്കുന്ന വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്. യുവതിയെ ഭീഷണിപ്പെടുത്താന്‍ കൂടെ നിന്നതിനാണ് സുഹൃത്തുക്കളെ പ്രതി ചേര്‍ത്തിട്ടുള്ളത്. കോവളം ഗസ്റ്റ് ഹൗസില്‍ നിന്നും മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ പ്രധാനമന്ത്രിയും ആയ രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ആലങ്കോട് റഷീദ്, കെ സുരേന്ദ്രൻ നായർ, ആർ.വിജയകുമാർ, പി. എസ്. കിരൺ കൊല്ലമ്പുഴ, ഷൈജു ചന്ദ്രൻ, ആലങ്കോട് ജോയ്, വിജയൻ സോപാനം, ഭാസി, അയ്യമ്പള്ളി മണിയൻ, മുരളീധരൻ നായർ, മോഹനൻ നായർ, ഇന്ദിരാ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആറ്റിങ്ങൽ ലാലേട്ടൻ ഫാൻസ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ലാലേട്ടൻ ഫാൻസ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ലാലേട്ടൻ ഫാൻസ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ അത്യാവശ്യ വിഭാഗത്തിലേക്ക് ഒരു വീൽ ചെയറും ഭിന്നശേഷി കുട്ടികളെയും മുതിർന്നവരയും പരിപാലിക്കുന്ന അംബേക്കർ മെമ്മോറിയൽ ഓർഫണെജിൽ മധുരം പങ്കിട്ടും പിറന്നാൾ സദ്യ ഒരുക്കിയുമാണ് ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്.

വാർഷികപൊതുയോഗം സംഘടിപ്പിക്കും

വാർഷികപൊതുയോഗം സംഘടിപ്പിക്കും

ആറ്റിങ്ങൽ വിളയിൽ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 26-ാം വാർഷിക പൊതുയോഗം 2024, മെയ് 26, ഞായറാഴ്ച രാവിലെ 10 മണി മുതൽ പ്രസിഡൻ്റിൻ്റെ ഭവനാങ്കണത്തിൽ നടക്കും. വി ആർ എ പ്രസിഡൻ്റ് ഉണ്ണി ആറ്റിങ്ങലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ആർ പി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജി.രാമകൃഷ്ണപിള്ള, സന്തോഷ്കുമാർ, സി കൃഷ്ണപിള്ള, ലത. എൽ ആർ മണികണ്ഠൻ പിള്ള തുടങ്ങിയവർ സംസാരിക്കും. ഇതിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് അഗ്നിരക്ഷാസേന നടത്തുന്ന ബോധവല്ക്കരണക്ലാസും ഉണ്ടായിരിക്കുന്നതാണ്.