26 ന് അവധി; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

26 ന് അവധി; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യ വില്‍പ്പനശാലകള്‍ക്ക് അവധിയായിരിക്കും.

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

ആധാർ കാർഡ്

എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

പാൻ കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

ഇന്ത്യൻ പാസ്പോർട്ട്

ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)

തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000ന് മുകളില്‍

തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000ന് മുകളില്‍

കൊച്ചി: മൂന്ന് ദിവസത്തിനിടെ 1600 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. ഇന്നലെ 53000ലും താഴെ പോയ സ്വര്‍ണവില ഇന്ന് 53,000ന് മുകളില്‍ എത്തി. 360 രൂപ വര്‍ധിച്ച് 53,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ മാത്രം പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മുന്നേറിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

ലിറ്റില്‍ മാസ്റ്റര്‍ക്ക് ഇന്ന് 51-ാം പിറന്നാള്‍; ഇതാ 24 വര്‍ഷം നീണ്ട കരിയറിലെ 15 റെക്കോര്‍ഡുകള്‍-ചിത്രങ്ങൾ

ലിറ്റില്‍ മാസ്റ്റര്‍ക്ക് ഇന്ന് 51-ാം പിറന്നാള്‍; ഇതാ 24 വര്‍ഷം നീണ്ട കരിയറിലെ 15 റെക്കോര്‍ഡുകള്‍-ചിത്രങ്ങൾ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് ജന്മദിനം. 51 വയസ് തികഞ്ഞ സച്ചിന്‍ 24 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. സച്ചിന്റെ പ്രധാനപ്പെട്ട 15 റെക്കോര്‍ഡുകള്‍ ചുവടെ:

1. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 200 ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് തൊട്ടുപിന്നില്‍. 187 മത്സരങ്ങള്‍

2. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സച്ചിന്റെ പേരില്‍ തന്നെയാണ്. 200 ടെസ്റ്റുകളില്‍ നിന്നായി 15,921 റണ്‍സ് ആണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. 53.28 ആണ് ശരാശരി.

3. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും അടിച്ചുകൂട്ടിയത് സച്ചിനാണ്. 51 സെഞ്ച്വറികളാണ് സച്ചിന്‍ സ്വന്തം പേരിലേക്ക് ആക്കിയത്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് 51-ാം സെഞ്ച്വറി കണ്ടെത്തിയത്.

4. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഏകദിന റണ്‍സും നേടിയത് സച്ചിന്‍ ആണ്. 1998ല്‍ 1894 റണ്‍സ് ആണ് റെക്കോര്‍ഡ് ആയി നില്‍ക്കുന്നത്. ആ വര്‍ഷം ഒന്‍പത് സെഞ്ച്വറികളും ഏഴ് അര്‍ധ സെഞ്ച്വറികളുമാണ് സച്ചിന്‍ നേടിയത്.

5. ഏകദിനത്തില്‍ ഏറ്റവുമധികം ബൗണ്ടറിയും സച്ചിന്റെ പേരിലാണ്. 2016 പന്തുകളാണ് അതിര്‍ത്തി കടത്തിയത്

6. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് സച്ചിന്റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലുമായി 34,357 റണ്‍സ് ആണ് സച്ചിന്‍ നേടിയത്

7. ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് ബഹുമതി ലഭിച്ചത് സച്ചിനാണ്. 76 തവണയാണ് നേട്ടം സ്വന്തമാക്കിയത്.

8. ഒരു രാജ്യത്തിനെതിരെ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയതും സച്ചിന്‍ ആണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 20 സെഞ്ച്വറികളാണ് സച്ചിന്‍ കണ്ടെത്തിയത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ ഇംഗ്ലണ്ടിനെതിരെ നേടിയ 19 സെഞ്ച്വറികളാണ് സച്ചിന്‍ പഴങ്കഥയാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 110 മത്സരങ്ങളില്‍ നിന്നായി 6707 റണ്‍സ് ആണ് സച്ചിന്‍ നേടിയത്

9. ഏകദിനത്തില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയതും സച്ചിനാണ്. 145 അര്‍ധ സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. വിരാട് കോഹ് ലിയാണ് രണ്ടാം സ്ഥാനത്ത്. 122 അര്‍ധ സെഞ്ച്വറികള്‍

10. 90കളില്‍ ഏറ്റവുമധികം തവണ ഔട്ടായതും സച്ചിനാണ്. ഏകദിനത്തില്‍ 18 തവണയാണ് 90നും 100നും ഇടയില്‍ വച്ച് സച്ചിന്‍ ഔട്ടായത്.

11. ഏറ്റവുമധികം ഏകദിനം കളിച്ചതും സച്ചിനാണ്. 464 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി സച്ചിന്‍ ജഴ്‌സി അണിഞ്ഞു.

12. ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതും സച്ചിനാണ്. 1990നും 1998നും ഇടയില്‍ തുടര്‍ച്ചയായി 185 മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്

13. ടെസ്റ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികളും സച്ചിന്റെ പേരിലാണ്. 119 അര്‍ധ സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്

14. ടെസ്റ്റില്‍ ഏറ്റവുമധികം ബൗണ്ടറി അടിച്ചതും സച്ചിന്‍ ആണ്. 2058 പന്തുകളാണ് അതിര്‍ത്തി കടത്തിയത്.

15. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികച്ച റെക്കോര്‍ഡ് ബ്രയാന്‍ ലാറയ്‌ക്കൊപ്പം സച്ചിന്‍ പങ്കിട്ടു. 195 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ പതിനായിരം റണ്‍സ് കണ്ടെത്തിയത്.

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തി.ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ​ഗ്രിഫിത്ത്സ് അറിയിച്ചു. ബാ​ഗേജ് വിതരണവും പുരോ​ഗമിക്കുന്നു. ദിവസവും 1400 വിമാനങ്ങളാണ് ദുബായ് എയർപോർട്ട് വഴി സർവീസ് നടത്തുന്നത്. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.

ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്.

അതേസമയം അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

ബംഗളൂരുവിലെ മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്ന് വരുന്ന മറുനാടന്‍ മലയാളികളുടെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.