മട്ടന്‍ ബിരിയാണി കഴിച്ചു, പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി; മോഷണ രീതി തുറന്നുപറഞ്ഞ് ഇര്‍ഫാന്‍

മട്ടന്‍ ബിരിയാണി കഴിച്ചു, പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി; മോഷണ രീതി തുറന്നുപറഞ്ഞ് ഇര്‍ഫാന്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഓട്ടോക്കാരോട് ചോദിച്ചാണ് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നത് പനമ്പിള്ളി നഗറിലാണെന്ന് മനസ്സിലാക്കിയത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പനമ്പിള്ളി നഗറിലെത്തി ഏറെ നേരം ചുറ്റിക്കറങ്ങുകയും ചെയ്തു.

തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റിലെത്തി ഇര്‍ഫാന്‍ ബിരിയാണി കഴിച്ചു. മട്ടന്‍ ബിരിയാണിയാണ് കഴിച്ചതെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. റസ്റ്റോറന്റിലെ വെയ്റ്ററായ പെണ്‍കുട്ടി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഗൂഗിള്‍പേ വഴിയാണ് പണം നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ പ്രതി ഇര്‍ഫാന്‍ ഇതു നിഷേധിച്ചു. 500 രൂപയുടെ നോട്ട് നല്‍കിയെന്നും, 356 രൂപയുടെ ബില്ലില്‍ ബാക്കി നല്‍കിയ തുകയില്‍ 100 രൂപ എടുക്കുകയും ശേഷിക്കുന്ന 44 രൂപ ടിപ്പ് നല്‍കിയെന്നും ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. സംശയമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കാനും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു.

കാറിന് പെട്രോള്‍ അടിച്ച പനമ്പിള്ളി നഗറിലെ പെട്രോള്‍ പമ്പും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പനമ്പിള്ളി നഗറില്‍ ക്രോസ് റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നാണ് ജോഷിയുടെ വീടിന് സമീപമെത്തിയത്. തുടര്‍ന്ന് റോഡിന് എതിര്‍വശത്തെ പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി. ഈ സ്ട്രീറ്റിന്റെ അറ്റത്തുള്ള വ്യവസായി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്റെ വീട്ടിലാണ് ആദ്യം കയറിയത്.

മറ്റു രണ്ടു വീടുകളില്‍ കൂടി കയറിയെങ്കിലും മോഷണശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് ജോഷിയുടെ വീട്ടിലെത്തുന്നത്. സ്‌ക്രൂ ഡ്രൈവര്‍ പ്രയോഗത്തിലൂടെ ജനാല തുറന്നാണ് അകത്തു കടന്നതെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പില്‍ ഇതെല്ലാം ഇര്‍ഫാന്‍ പൊലീസിന് കാട്ടിക്കൊടുത്തു.

മുകളിലെ നിലയിലെ ഒരു മുറിയിലെ ഷെല്‍ഫില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ഇതു പെട്ടിയിലേക്ക് മാറ്റിയശേഷം ടെറസിലെ ഗാര്‍ഡനില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് മറ്റുമുറികളില്‍ കൂടി പരിശോധിച്ച ശേഷമാണ് അടുക്കള ജനാല വഴി രക്ഷപ്പെട്ടത്. വിരലടയാളം പതിയുന്നത് ഒഴിവാക്കാന്‍ കയ്യില്‍ സോക്‌സ് ധരിച്ചിരുന്നതായും, സിസിടിവി കാമറ തിരിച്ചു വെച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്.

രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗത്തിൽപ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി.

കാക്ക പോലെ കറുത്തവൻ, പെറ്റമ്മ കണ്ടാൽ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളു തുടങ്ങിയ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്.

ജാതീയമായി തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണൻ പരാതി നൽകിയത്. പട്ടികജാതി കലാകാരനു നൃത്ത രം​ഗത്തു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ വിളിച്ചോ, ഓൺ ലൈനായോ അറിയാം; ചെയ്യേണ്ടത്

വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ വിളിച്ചോ, ഓൺ ലൈനായോ അറിയാം; ചെയ്യേണ്ടത്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോൺ വിളിച്ചോ, ഓൺ ലൈനായോ പേരുണ്ടോ എന്നു പരിശോധിക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കു.

വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950ലേക്കാണ് ഫോൺ വഴി അറിയാൻ വിളിക്കേണ്ടത്. എസ്ടിഡി കോഡ് ചേർത്താാണ് വിളിക്കേണ്ടത്. ഫോൺ വിളിച്ച് വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭിക്കും.1950 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും വിവരം അറിയാം. ഇസിഐ (ECI) എന്നു ടൈപ്പ് ചെയ്തു സ്പെയ്സ് ഇട്ട ശേഷം ഐഡി കാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. വിവരങ്ങൾ എസ്എംഎസ് ആയി തന്നെ ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐ‍ഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് ശനിയാഴ്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 1600 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.