by liji HP News | Apr 22, 2024 | Latest News, കേരളം
കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന ശൈലജയുടെ ആരോപണത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വോട്ടർമാർക്കിടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സൽപേര് നശിപ്പിക്കാനാണ് ശ്രമം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. പാനൂർ ബോംബ് സ്‌ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും ശൈലജ പറഞ്ഞു.
by liji HP News | Apr 22, 2024 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി ബോര്‍ഡ്. പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടി വരുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്‌സ് എല്‍ഇഡി ബള്‍ബ്, രണ്ട് 20 വാട്‌സ് എല്‍ഇഡി റ്റിയൂബ്, 30 വാട്‌സിന്റെ 2 ബിഎല്‍ഡിസി ഫാനുകള്‍, 25 ഡിഗ്രി സെന്റി ഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എസി എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:
കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്.
കഴിഞ്ഞ ദിവസം മാക്‌സിമം ഡിമാന്റ് 5478 മെഗാവാട്ടായി. രാത്രി 10.28-നാണ് മാക്‌സിമം ഡിമാന്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയിലെ 5529 മെഗാവാട്ടെന്ന റെക്കോര്‍ഡ് നിലയില്‍ നിന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ ഉപഭോഗം 10.85 കോടി യൂണിറ്റായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉപഭോക്താക്കള്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചതുകൊണ്ടാണ് മാക്‌സിമം ഡിമാന്റില്‍ കുറവ് വന്നത്. തുടര്‍ന്നും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കും.
ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനും സാധിക്കും.
പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുത്. പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്‌സ് എല്‍.ഇ.ഡി. ബള്‍ബ്, രണ്ട് 20 വാട്‌സ് എല്‍.ഇ.ഡി. റ്റിയൂബ്, 30 വാട്‌സിന്റെ 2 ബി.എല്‍.ഡി.സി. ഫാനുകള്‍, 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എ.സി. എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതുകാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.
ജനപങ്കാളിത്തം ഉറപ്പു വരുത്തിയാണ് കേരളം സാമൂഹിക വികസന സൂചികയില്‍ രാജ്യത്ത് മുന്‍പന്തിയില്‍ എത്തിയത്. വൈദ്യുതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ നമുക്ക് മുന്നേറാം. ഇത്തരത്തില്‍ സാമൂഹികാവബോധത്തോടെയുള്ള ഇടപെടല്‍ നമ്മെ ഊര്‍ജ്ജ സാക്ഷരരാക്കുകയും അതുവഴി നമ്മുടെ കേരളം പരിസ്ഥിതി സൌഹൃദവും സുസ്ഥിര വികസന സംസ്‌കാരമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.
by liji HP News | Apr 22, 2024 | Latest News, കേരളം
മലപ്പുറം വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.
11500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിൽ 1500 കോഴികൾ ആണ് ചത്തൊടുങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ അബ്ദുള്ള പറഞ്ഞു.
നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്.പകരം സംവിധാനം ഒരുക്കാനും കഴിയും.ഇത്തവണ അതുണ്ടായില്ല. ഭാഗീകമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാൽ ആണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
by liji HP News | Apr 22, 2024 | Latest News, കേരളം
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍. ആറോളം സംസ്ഥാനങ്ങളിലായി 19 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വെള്ള കളറിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായ തരത്തില്‍ പോകുന്നതു കണ്ടു. തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഐഡന്റിഫൈ ചെയ്യുകയും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കുകയും ചെയ്തു. കാര്‍ ഉച്ചയോടെ കാസര്‍കോട് ജില്ല കടന്നതായി കണ്ടെത്തി. തുടര്‍ന്ന് കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചു. ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കാറില്‍ ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് വെച്ചിട്ടുണ്ട്. ഈ ബോര്‍ഡ് വ്യാജമെന്ന് പറയാന്‍ കഴിയില്ല. കാരണം ഇയാളുടെ ഭാര്യ അവിടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ബിഹാറില്‍ നിന്നാണ് ഇയാള്‍ മോഷണത്തിനായി കൊച്ചിയിലെത്തിയത്. ഗൂഗിളില്‍ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയ സെര്‍ച്ച് ചെയ്താണ് ഇയാള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടും, പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ മാസം 20 നാണ് ഇര്‍ഫാന്‍ കൊച്ചിയിലെത്തിയത്. സംവിധായകന്‍ ജോഷിയുടേത് കൂടാതെ ഈ പ്രദേശത്തെ മൂന്നു വീടുകളില്‍ കൂടി ഇയാള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീടുകളില്‍ കയറാന്‍ പറ്റിയില്ല. ആറു സംസ്ഥാനങ്ങളിലായി 19 കേസുകളാണ് ഇര്‍ഫാനെതിരെയുള്ളത്.
നേരത്തെ മോഷണക്കേസില്‍ പിടിയിലായി ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഇയാള്‍ ബിഹാര്‍ റോബിന്‍ഹുഡ് എന്നാണ് അറിയുന്നത് എന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സ്റ്റോറികള്‍ നിങ്ങളല്ലേ നല്‍കുന്നത് എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം. പൊലീസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ക്രിമിനല്‍ തന്നെയാണ്. പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു.
ജോഷിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ എല്ലാം കണ്ടെടുത്തിട്ടുണ്ട്. സമീപകാലത്ത് സ്വര്‍ണ മോഷണം കൂടുന്നതിന് ഒരു കാരണം സ്വര്‍ണത്തിന്റെ വില കൂടുന്നതു തന്നെയാണ്. പ്രതി മുംബൈയിലേക്ക് പോയത് സ്വര്‍ണം വില്‍ക്കാന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. ഇയാള്‍ ബിഹാറില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, കള്ളനെന്ന നിലയിലാണ്. ഇയാള്‍ക്ക് രാഷ്ട്രീയ മോഹമുണ്ടോ എന്ന് അറിയില്ല എന്നും കമ്മീഷണര്‍ പറഞ്ഞു.
by liji HP News | Apr 22, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞിട്ടും തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘വെടിക്കെട്ട്’ തുടരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കമ്മീഷണറുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ഇത്തവണത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പൂരക്കമ്പക്കാര്‍ വിമര്‍ശനവുമായി നിറഞ്ഞത്.
കടുത്ത ഭാഷയില്‍ പൊലീസിനെതിരെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് പേജില്‍. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവര്‍ എന്നുമൊക്കേയാണ് കമന്റുകള്‍ നീളുന്നത്.
‘പൂരം കുളമാക്കിയപ്പോള്‍ സമാധാനമായോ പൊലീസേ ,ആര്‍ക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാര്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയോ,ഇനി ഇപ്പോ പൂരം കാണാന്‍ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിര്‍ത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസില്‍ കേറാമെന്നു കരുതിയാ അതിനും പറ്റാത്ത അവസ്ഥയാണല്ലോ വടക്കുംനാഥാ.. പൊലീസുകാര്‍ക്ക് മാത്രം മര്യാദക്ക് പൂരം കാണാന്‍ പറ്റുമെന്നാ പറയുന്നത്…, ഈ പ്രാവശ്യത്തെ പൂരം ഭംഗിയാക്കി കുളമാക്കി തന്നതിന് വളരെ നന്ദി…, പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം, അടുത്ത വര്‍ഷം കുടമാറ്റത്തിന് മുമ്പേ നിര്‍ത്തിവെപ്പിച്ച് ഇതിനേക്കാളും സുരക്ഷ ഒരുക്കണം…,’ എന്നിങ്ങനെയാണ് പൊലീസിനെതിരായ കമന്റുകള്‍ നീളുന്നത്.
by liji HP News | Apr 22, 2024 | Latest News, കേരളം
കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി കെ സുമിത്ത് (30) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു മരണം. ഈ മാസം 13 ന് മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവര്‍ 13-ാം തീയതി സുമിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പൊന്തന്‍പുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് മൂവരും മദ്യപിച്ചു. സുമിത്ത് മദ്യലഹരിയിലായതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്കാണ്. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Recent Comments