by Midhun HP News | Aug 3, 2024 | Uncategorized
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണന. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും പിണറായി പറഞ്ഞു.
by Midhun HP News | Aug 3, 2024 | Uncategorized
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാന്‍ സാധ്യത. ഇതിന്റെ ഫലമായി ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി, എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.0 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Aug 3, 2024 | Uncategorized
തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. മഞ്ഞനിറമുള്ള മുയല്‍ക്കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും പിറന്നാളാഘോഷിക്കാന്‍ സൂക്ഷിച്ചുവെച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് കലക്ടറെ കാണാനെത്തിയത്. കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവര്‍ക്കും മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു.
അര്‍ണവ് തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ച 1,103 രൂപയാണ് നല്‍കിയത്. ദുബായ് ജെംസ് ഔര്‍ ഓണ്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ്. അര്‍ണവ് മുത്തച്ഛന്‍ പ്രൊഫ.ഡോ.ഇ.യു.രാജനോടൊപ്പമാണ് തുക കൈമാറാനായെത്തിയത്.
അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ദിയ സി.ദീപക് വെക്കേഷന്‍ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24 ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് നല്‍കിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണ് എത്തിയത്. ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,47,848 രൂപ നല്‍കി.
by Midhun HP News | Aug 3, 2024 | Uncategorized
തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി. നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച ശേഷം, എന്നെത്തേടി പൊലീസ് എത്തും മുൻപ് ജീവനൊടുക്കാൻ തയാറെടുപ്പ് നടത്തിയെന്ന് പ്രതിയായ വനിതാ ഡോക്ടർ.
തന്നെക്കുറിച്ച് സൂചന നൽകുന്ന ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് വാർത്തകളിലൂടെ അറിഞ്ഞതോടെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയി. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ വെടിയേറ്റ ഷൈനിയുടെ ഭർത്താവ് വിളിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സുജീത്ത് ഒരുപാട് തവണ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. സുജീത്തിന്റെ കോൾ വന്നതോടെ താൻ പിടിക്കപ്പെടുമെന്ന് തോന്നുകയും, പോലീസെത്തുന്നതിനു മുൻപേ തന്നെ ജീവനൊടുക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
എയർ പിസ്റ്റൾ വാങ്ങുമ്പോൾ പോലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. വെടിയുതിർക്കുകയും വീണ്ടും ലോഡ് ചെയ്യുന്നതുമായ തോക്ക് ഓൺലൈനിൽ കണ്ടു. എങ്കിലും തുടരെ വെടിവെക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ തോക്കിനെക്കുറിച്ച് നന്നായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഓൺലൈൻ വഴി വാങ്ങുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം രക്ഷപെടാനുള്ള നീക്കങ്ങളെല്ലാം മുൻകൂട്ടി തയാറാക്കിയിരുന്നു. സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തുനിന്നും തിരികെ കൊല്ലത്തേക്കെത്തിയത് 1 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ്. ഡ്രൈവിങ് പഠനം നടത്തുന്നതിന്റെ ‘എൽ’ ബോർഡ് കാറിൽ സ്ഥാപിച്ചിരുന്നു. കാർ വളരെ വേഗത്തിലാണ് പോയതെന്നതിന്റെ തെളിവുകളും പൊലീസിന് ക്യാമറകളിലൂടെ ലഭിച്ചു. തോക്ക് വാങ്ങിയതിന്റെ തെളിവുകളും, രേഖകളും പൊലീസിന് ലഭിച്ചു. തോക്ക് ഫൊറൻസിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് പൊലീസ് അയച്ചു.
അതേസമയം സുജീത്തിനെതിരെ ഡോക്ടർ നൽകിയ പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ജോലി ചെയ്യുമ്പോൾ മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെളിവ് ശേഖരിക്കുന്നതിന് ഭാഗമായി ഇരുവരുടെയും ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. മെസ്സേജുകൾ ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. സുജീത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിൽ പോയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന് ഡോക്ടർ നൽകിയ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. സുജീത്ത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലാണ് ഷിനിയെ ഉപദ്രവിക്കാൻ തീരുമാനിച്ചതെന്നും ഡോക്റുടെ മൊഴിയിലുണ്ട്. സുജീത്തിനെ അറസ്റ്റ് ചെയ്ത് കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ നിലവിലെ തീരുമാനം.
by Midhun HP News | Aug 3, 2024 | Uncategorized
ആറ്റിങ്ങൽ: നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടയിലാണ് സ്വർണ്ണത്തിലുള്ള കൈചെയിൻ കളഞ്ഞു കിട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ കിഴക്കേ നാലുമുക്കിൽ വിവി ക്ലിനിക്ക് റോഡിന് സമീപത്തെ സ്ഥാപനങ്ങളിൽ പരിശോധന നടക്കവെയാണ് നടപ്പാതയിൽ കിടന്നിരുന്ന സ്വർണ്ണം ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ തന്നെ ഉദ്യോഗസ്ഥർ സ്വർണ്ണാഭരണം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, മുഹമ്മദ് റാഫി, രാഖി മോഹൻ, ദിവ്യ, ഡ്രൈവർ വിനോദ് തുടങ്ങിയവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്.
by Midhun HP News | Aug 3, 2024 | Uncategorized
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറായി നിരവധിപ്പേര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും സന്നദ്ധത അറിയിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം അഭ്യര്‍ഥന കമന്റുകളായി വന്നിരുന്നു.
‘മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കള്‍ ഉണ്ടേല്‍ ഒരാളെ ഞാന്‍ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ ഞാന്‍ നോക്കിക്കോളാം’, ‘എനിക്ക് രണ്ടു മക്കളുണ്ട്… ഇനിയും രണ്ടുമക്കളെ ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം.’ ‘ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം…’ ഇത്തരത്തില്‍ നിരവധി പേരാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായി എത്തുന്നത്. തുടര്‍ന്ന് മന്ത്രിതന്നെ ഇതിന് വിശദീകരണവും തന്റെ പേജിലൂടെ നല്‍കി, ദത്തെടുക്കലിനെക്കുറിച്ച് വ്യക്തത വരുത്തി. കണ്ണ് നനയിക്കുന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടെന്നും അത് കുറിച്ച നല്ലമനസ്സിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
എന്നാല്‍, ഇത്തരം കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഫോസ്റ്റര്‍ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളാണ്. സെന്റര്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കട്ടികളെ ദത്തെടുക്കാനാകുക. ആറുവയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റര്‍ കെയറിനും നല്‍കുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തിയാണ് ചെയ്യേണ്ടത്. സിഎആര്‍എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ നിലവിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കല്‍ നടപടിക്രമങ്ങളില്‍ പങ്കുചേരാന്‍ കഴിയും. പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Recent Comments