‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.

രജിസ്ട്രാര്‍ ഓഫ് കമ്പനിസിന്റെ രേഖകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ ഓരോ അനാഥാലയങ്ങളില്‍ നിന്ന് മാസം തോറും മാസപ്പടി വാങ്ങുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ”സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക”, മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

പ്രസംഗത്തിനിടെ കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു വാക്കും സഭാ രേഖകളില്‍ കാണില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

മലക്കപ്പാറയില്‍ പോയി തിരികെ ഊരിലേക്ക് വരികയായിരുന്ന മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയായിരുന്നു.ആന വരുന്നതു കണ്ട് പാറയുടെ മുകളില്‍ നിന്ന് ചാടിയ മുരുക സ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

പാലക്കാട്:ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 150 ഓളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. വരനും വധുവും ഭക്ഷ്യവിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു. വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ റിസപ്ഷന്‍. ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ഷൊര്‍ണൂരിലുള്ള കാറ്ററിങ് കമ്പനിയാണ് വിവാഹച്ചടങ്ങില്‍ ഭക്ഷണം നല്‍കിയത്. കാറ്ററിങ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി.

എൻജിനിയറിങ് പ്രവേശന പരീക്ഷ: ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

എൻജിനിയറിങ് പ്രവേശന പരീക്ഷ: ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ് , ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രസിദ്ധപ്പെടുത്തി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ കയറി ഉത്തരക്കടലാസ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ: 0471 2525300

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.