‘ലക്ഷ്യ’ത്തിലേക്ക് ദൂരം കുറച്ച് ‘ലക്ഷ്യ!’

‘ലക്ഷ്യ’ത്തിലേക്ക് ദൂരം കുറച്ച് ‘ലക്ഷ്യ!’

പാരിസ്: ഒറ്റ ജയം മതി ഇനി ലക്ഷ്യ സെന്നിനു ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്റെ പേര് തങ്ക ലിപികളില്‍ എഴുതി ചേര്‍ക്കാന്‍. ഒളിംപിക്‌സ് ബാഡ്മിന്റണിലെ ഇന്ത്യയുടെ ഏക പ്രതീക്ഷിയായ ലക്ഷ്യ ചരിത്രമെഴുതി ബാഡ്മിന്റണ്‍ സെമിയിലേക്ക് മുന്നേറി. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ലക്ഷ്യ മാറി. മെഡല്‍ നേടിയാല്‍ അതു മറ്റൊരു ചരിത്രം.

ക്വാര്‍ട്ടറില്‍ തായ്‌വന്‍ താരം ചു ടിയെന്‍ ചെന്നിനെ വീഴ്ത്തിയാണ് ലക്ഷ്യ മുന്നേറിയത്. മിന്നും തിരിച്ചു വരവ് നടത്തിയാണ് ലക്ഷ്യ സെമിയിലേക്ക് കുതിച്ചെത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ ഇന്ത്യന്‍ താരം അസാമാന്യ പ്രകടനമാണ് പുറത്തെടുത്ത്. സ്‌കോര്‍: 19-21, 21-15, 21-12.

അതിവേഗ നീക്കങ്ങളും ബുദ്ധിപരമായ ഷോട്ടുകളും ക്രിസ്പിയായ സ്മാഷുകളും റിവ്യു ഫലപ്രദമായി ഉപയോഗിച്ചും ലക്ഷ്യം കളം വാണു. ഓരോ തവണ സര്‍വീസ് കൈവിട്ടപ്പോഴും തൊട്ടടുത്ത നിമിഷം തന്നെ എതിരാളിയുടെ സര്‍വീസ് ഭേദിച്ച് ലക്ഷ്യ മികവ് ആവര്‍ത്തിച്ചു. അവസാന സെറ്റില്‍ 4-5 പോയിന്റ് വ്യത്യാസം എതിരാളിയുമായി കൃത്യമായി സൂക്ഷിച്ചാണ് താരം മുന്നേറിയത്.

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്.

‘ഞാനൊരു പട്ടാളക്കാരിയാണ്’; ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

‘ഞാനൊരു പട്ടാളക്കാരിയാണ്’; ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

ഉരുൾ തകർത്തെറിഞ്ഞ വയനാടാണിപ്പോൾ എല്ലാവരുടേയും നെഞ്ചിൽ. കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്‌നിച്ചാണ് സൈന്യം ബെയ്‌ലി പാലം യാഥാർഥ്യമാക്കിയത്. അവശിഷ്ടങ്ങളെയും പിഴുതെറിഞ്ഞ മരങ്ങളെയും ശക്തമായ ഒഴുക്കുള്ള നദിയെയും മറികടന്ന് വെറും 16 മണിക്കൂറിനുള്ളിലാണ് സൈന്യം പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഈ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തവരിൽ ഒരു വനിത മേജറുമുണ്ട്. മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ മേജർ സീത ഷെല്‍ക്കെ. ബെയ്‌ലി പാലത്തിന്റെ ഓരോ നിർമാണ ഘട്ടത്തിലും സീത ഷെല്‍ക്കെയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു. ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ അത് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയിലേക്കുള്ള പാലമാണെന്ന ബോധ്യം അവർക്കുണ്ടായിരുന്നു.

“ഇവിടെയുള്ള ഏക സ്ത്രീയായി ഞാൻ എന്നെ പരി​ഗണിക്കുന്നില്ല, ഞാനൊരു പട്ടാളക്കാരിയാണ്. ഇന്ത്യൻ ആർമിയുടെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്, ഈ ലോഞ്ചിങ് ടീമിൻ്റെ ഭാഗമായതിൽ അതിയായ അഭിമാനമുണ്ട്” – എന്നാണ് സീത ഷെൽക്കെ തന്റെ ദൗത്യത്തെക്കുറിച്ച് പിടിഐയോട് പറഞ്ഞത്.

രാത്രിയില്‍ പാലത്തിന്റെ ഗർഡറുകള്‍ ഉറപ്പിക്കുന്ന ഘട്ടത്തിലും അതിനു മുകളിലുണ്ടായിരുന്നു സീത ഷെല്‍ക്കെ. അങ്ങനെ ഓരോ ചെറിയ കാര്യം പോലും സൂക്ഷ്മതയോടെ നിരീക്ഷിച്ചും നിർദ്ദേശം നല്‍കിയും അവർ മുന്നില്‍ നിന്നു. മേജർ സീത ഷെല്‍ക്കെയും മേജർ അനീഷും അടങ്ങുന്ന സംഘത്തിനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല.

മുണ്ടക്കൈയെയും അട്ടമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചൂരല്‍മലയിലെ പാലം ഉരുള്‍പൊട്ടലില്‍ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കുന്നതിന്റെ സാധ്യതകള്‍ അധികൃതർ പരിശോധിച്ചത്. 24 ടണ്‍ ഭാരം വഹിക്കാൻ ശേഷിക്കുള്ള 190 അടി പാലമാണ് 31 മണിക്കൂർ കൊണ്ട് സൈന്യം യാഥാർഥ്യമാക്കിയത്. വളരെ പെട്ടെന്ന് പാലം പണിത് രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയതിൽ സൈന്യത്തെയും മേജർ സീത ഷെല്‍ക്കെയെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ രം​ഗത്തെത്തുന്നത്.

മരണസംഖ്യ 340 ആയി; കണ്ടെത്താനുള്ളത് 218 പേരെ

മരണസംഖ്യ 340 ആയി; കണ്ടെത്താനുള്ളത് 218 പേരെ

കല്‍പ്പറ്റ: വയനാട് ദുരന്തഭൂമിയില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പരിശോധന ആരംഭിച്ചു. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. 1300ലധികം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക റഡാര്‍ ഉള്‍പ്പടെ എത്തിച്ചാണ് പരിശോധന നടത്തുക.

അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 340 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 250ല്‍ അധികം ആളുകളെ ഇനി കണ്ടെത്താനുണ്ട്. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. സൈന്യം, എന്‍ഡിആര്‍എഫ്, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

ഉരുള്‍വെള്ളത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരവധി പേര്‍ അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ തേടിയെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥതലത്തില്‍ യോഗംചേര്‍ന്ന് നടപടികളെടുക്കുമെന്നാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ കിട്ടുമെന്നതിനാല്‍ ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളില്ല. ഭൂമിസംബന്ധമായ രേഖകള്‍ നല്‍കാന്‍ റവന്യുവകുപ്പിന്റെ വിശദപരിശോധന വേണ്ടിവരും.ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമി, വീട്, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം എന്നിവ നല്‍കുന്നതിന് പുതിയ നടപടിക്രമം തയ്യാറാക്കും. റേഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കും. എങ്ങനെയെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും.

വീണ്ടും ബ്രേക്ക്, സ്വര്‍ണ വിലയില്‍ ഇടിവ്

വീണ്ടും ബ്രേക്ക്, സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപ. ഗ്രാമിന് 10 രൂപ താഴ്ന്ന് 6470 ആയി.കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്കു മുന്നേറിയ പവന്‍ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും വര്‍ധന പ്രകടിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് 1947 രൂപ മുതല്‍; ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ടിക്കറ്റ് നിരക്ക് 1947 രൂപ മുതല്‍; ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ച് വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് പ്രത്യേക കിഴിവോടെ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.ഡല്‍ഹി ജയ്പൂര്‍, ബംഗളൂരു ഗോവ, ഡല്‍ഹി ഗ്വാളിയാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 15 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ആഴ്ച തോറും കൊച്ചിയില്‍ നിന്നും 108, തിരുവനന്തപുരത്ത് നിന്നും 70, കോഴിക്കോട് നിന്നും 90, കണ്ണൂരില്‍ നിന്നും 57 ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 47 ശതമാനം കിഴിവില്‍ ബിസ്പ്രൈം സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം തുടങ്ങിയവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പ്രത്യേക കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം.