ഖത്തറില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി; 2048 വരെ കരാര്‍ നീട്ടാന്‍ ഇന്ത്യ

ഖത്തറില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി; 2048 വരെ കരാര്‍ നീട്ടാന്‍ ഇന്ത്യ

ഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി നീട്ടാന്‍ ഒരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി കോടികളുടെ ഇടപാടിന് ഖത്തറുമായി ഇന്ത്യ ഇന്ന് കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഖത്തറില്‍ നിന്ന് എല്‍എന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

നിലവില്‍ പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. രണ്ടു കരാറുകളിലായാണ് ഇറക്കുമതി. ഇതില്‍ ഒരു കരാര്‍ 2028ല്‍ അവസാനിക്കും. ഇത് വീണ്ടുമൊരു 20 വര്‍ഷം കൂടി നീട്ടി 2048 വരെ പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ എല്‍എന്‍ജി ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ എനര്‍ജി വാരത്തിന്റെ ഭാഗമായി ഖത്തര്‍ എനര്‍ജിയും പെട്രോനെറ്റ് എല്‍എന്‍ജിയും കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ കരാറില്‍ 2015ലാണ് ഇരുകമ്പനികളും ഏര്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2070 ഓടേ പൂര്‍ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഘട്ടം ഘട്ടമായി പ്രകൃതിവാതകത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. 2030 ഓടേ രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ ആവശ്യകതയില്‍ പ്രകൃതി വാതകത്തിന്റെ അളവ് 15 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 6.3 ശതമമാനമാണ്.

പേടിഎമ്മിനെ ഏറ്റെടുക്കുമോ?; വിശദീകരണവുമായി ജിയോ ഫിനാന്‍ഷ്യല്‍

പേടിഎമ്മിനെ ഏറ്റെടുക്കുമോ?; വിശദീകരണവുമായി ജിയോ ഫിനാന്‍ഷ്യല്‍

ഡല്‍ഹി: റിസര്‍വ് ബാങ്ക് നടപടി നേരിട്ട ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎമ്മിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ്. പേടിഎമ്മിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തള്ളിയത്.

വാര്‍ത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടില്ലെന്നും റെഗുലേറ്ററി ഫയലിങ്ങില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിശദീകരിച്ചു.

പേടിഎമ്മിനെ ഏറ്റെടുക്കാന്‍ വണ്‍ 97മായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചര്‍ച്ച നടത്തി വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ തള്ളി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് വിശദീകരണം നല്‍കിയത്.

പേടിഎമ്മിനെ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ മുന്നേറിയിരുന്നു. ബിഎസ്ഇയില്‍ 14 ശതമാനം ഉയര്‍ന്ന് 289 രൂപയിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിച്ചത്. ഏറ്റെടുക്കല്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന പേടിഎമ്മില്‍ നിന്നും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം; സിനിമയുടെ പ്രചാരണതന്ത്രമോ? വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം; സിനിമയുടെ പ്രചാരണതന്ത്രമോ? വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം പുതിയ സിനിമയുടെ പ്രചാരണതന്ത്രമാണെന്ന വിമര്‍ശനങ്ങള്‍ തള്ളി മകള്‍ ഐശ്വര്യ രജനികാന്ത്. ഐശ്വര്യ സംവിധായകയാകുന്ന പുതിയ ചിത്രം ‘ലാല്‍ സലാം’ സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് വിശദീകരണം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് അച്ഛനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഐശ്വര്യ ആദ്യം പ്രതികരിച്ചത്. അച്ഛന്‍ സംഘി അല്ലാത്തത് കൊണ്ടാണ് ലാല്‍സലാമില്‍ അഭിനയിച്ചതെന്ന് കൂടി ഐശ്വര്യ പറഞ്ഞത് സിനിമയുടെ പ്രചാരണ തന്ത്രമെന്ന വിമര്‍ശനം ഉയര്‍ന്നു.

വിമര്‍ശനങ്ങളോട് പ്രതികരിച്ച ഐശ്വര്യ, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയതെന്നും അതുകൊണ്ട് തന്നെയാണ് അത് തുറന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ രാഷ്ട്രീയം പറഞ്ഞോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു.

ലാല്‍സലാമില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിഷ്ണു വിശാലും വിക്രണതും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലാല്‍സലാം വെള്ളിയാഴ്ച ആണ്തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം രജനി ചിത്രങ്ങളുടെ പതിവ് ഹൈപ്പില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ഐശ്വര്യ മറുപടി നല്‍കി. എഴുത്തിന്റെ ശക്തിയെ എനിക്ക് ബഹുമാനിക്കുകയും അതിനെ വിശ്വസിക്കുകയും ചെയ്യുന്നു. കാണികളുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവിയെന്നും ഐശ്വര്യ പറഞ്ഞു.

കേരളത്തിന്റെ കടബാധ്യത 4,29,270 കോടി രൂപ; എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ജിഎസ്ടി നഷ്ടപരിഹാരം

കേരളത്തിന്റെ കടബാധ്യത 4,29,270 കോടി രൂപ; എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ജിഎസ്ടി നഷ്ടപരിഹാരം

ഡല്‍ഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. 2024 വരെയുള്ള കണക്കാണിത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്.

2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് കാലത്ത് വരുമാനമില്ലാതിരുന്നപ്പോള്‍ പണം കടമെടുത്താണു സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത്. അതിന്റെ തിരിച്ചടവും പലിശയും കണക്കിലെടുത്താണ് ഇപ്പോള്‍ സെസ് പിരിക്കുന്നത്. അത് 2026 മാര്‍ച്ച് 31വരെ തുടരും. നിയമം മാറ്റേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും ധനമന്ത്രിയല്ലെന്നും നിര്‍മല പറഞ്ഞു.

കേരളത്തിന് 2022-23 ഒന്നാം പാദത്തിലേത് ഒഴികെ ബാക്കി തുക നല്‍കിയിട്ടുണ്ട്. എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള കണക്കുകള്‍ ലഭിച്ചാലുടന്‍ ഇതും നല്‍കുമെന്നും നിര്‍മല അറിയിച്ചു.

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് യുവാവിന് 2000 രൂപ പിഴ; നടപടി ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് യുവാവിന് 2000 രൂപ പിഴ; നടപടി ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്: കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് യുവാവിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2000 രൂപയുടെ പിഴയാണ് മോട്ടോര്‍ വാഹനവകുപ്പ് ഒഴിവാക്കിയത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13ന് രാത്രി 7.35നാണ് സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മിത്രാനന്ദപുരത്തെ എഐ ക്യാമറയാണ് ദൃശ്യങ്ങള്‍ എടുത്തത്. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയില്‍ തൊട്ടത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കളുടെ പക്ഷം.

മുഹമ്മദ് വിദേശത്തേയ്ക്ക് പോയശേഷമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 2000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാര്‍. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ ആര്‍സി ഉടമ, മുഹമ്മദ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വീണ്ടും ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷം 2000 രൂപ പിഴ ഒഴിവാക്കുകയായിരുന്നെന്ന് ആര്‍സി ഉടമ അറിയിച്ചു

ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്‍റെ ഹര്‍ജി തള്ളി

ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്‍റെ ഹര്‍ജി തള്ളി

കൊച്ചി: ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.

നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി. 2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.