ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിൽ; വ്യാജ പ്രചാരണത്തിൽ നിമയനടപടിയെന്ന് ഹരിശങ്കർ ഐപിഎസ്

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിൽ; വ്യാജ പ്രചാരണത്തിൽ നിമയനടപടിയെന്ന് ഹരിശങ്കർ ഐപിഎസ്

സോഷ്യൽ മീഡിയയിലെ തുടർച്ചയായുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലാണെന്ന വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി.
വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിത്. ഫെയ്സ്ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയെടുക്കും. ഇത് നിയമനടപടി അർഹിക്കുന്ന പ്രവണത തന്നെയാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തേണ്ടതാണ്.

തന്നെപ്പറ്റി ഒരു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മറ്റേതോ ഒരു വ്യക്തി ഇതിനെപ്പറ്റി ഒരു വിഡിയോ കണ്ടന്റ് ചെയ്തതായും അറിയുന്നു. ഇവയെല്ലാം പരിശോധിച്ച് നിയമ നടപടി എടുക്കുമെന്നും ഹരിശങ്കർ വ്യക്തമാക്കുന്നു.

കേരളത്തെ നടുക്കിയ ആലുവ കേസ്;  പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

കേരളത്തെ നടുക്കിയ ആലുവ കേസ്; പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.

ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ആലുവയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ്. വൈകീട്ട് 3.30 ന് ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്‌ഫാക്ക് ആലം കുട്ടിയുമായി മാർ‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.

കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നൽ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചിൽ തുടർന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

തുടർന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. ഓഗസ്റ്റ് 1, ചൊവ്വാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3, വ്യാഴാഴ്ച പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പ് നടന്നു. വൈകാരികമായാണ് ഈ സമയത്ത് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതികരിച്ചത്. സെപ്തംബർ 1 വെള്ളിയാഴ്ച, ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.

ഒക്ടോബർ 4, ബുധനാഴ്ചയാണ് കേസിൽ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബർ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്‌ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സർക്കാർ ഡോക്ടർമാർ റിപ്പോർട്ട് നൽകി.

ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസിൽ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവിൽ കൊലക്കയർ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹൻ രാജായിരുന്നു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്; എം ബി രാജേഷ്

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്; എം ബി രാജേഷ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കേരളം 99.5% ഭൗതിക പുരോഗതി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8%വും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6% വും മാത്രമേ നേടാനായിട്ടുള്ളൂ. നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിലെ പോരായ്മ കണ്ടെത്താനും പരിഹാരം കാണാനും കേരളം നടത്തുന്ന ഈ കുറ്റമറ്റ ഇടപെടല്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഷി അക്ഷര കൂട്ടായ്മയുടെ ‘ആറാമത് കഥ പറയുന്ന ഗ്രാമങ്ങൾ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം നടന്നു

മഷി അക്ഷര കൂട്ടായ്മയുടെ ‘ആറാമത് കഥ പറയുന്ന ഗ്രാമങ്ങൾ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം നടന്നു

മഷി അക്ഷര കൂട്ടായ്മയുടെ ആറാമത് കഥ പറയുന്ന ഗ്രാമങ്ങൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത എഴുത്തുകാരൻ മോഹൻ കർത്തയാണ് പ്രകാശനം ചെയ്തത്. പ്രശസ്ത എഴുത്തുകാരൻ ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങി. ഇരുപത്തിയേഴ് പേർ ചേർന്ന് എഴുതിയ പുസ്തകമാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.

യു എ ഇയിലെ തന്നെ പ്രശസ്തമായ അക്ഷരകൂട്ടായ്മയാണ് മഷി. കഥകളും കവിതയുമടങ്ങുന്ന സമാഹാരം കൈരളിബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.

ദിവ്യ മധു, അജിത് വള്ളോലി, അഖില സായൂജ്, അനുജ സനൂബ്, രമ്യ മണി, ജോയ് ഡാനിയൽ, സുനന്ദ മഹേഷ്, ലേഖ ജസ്റ്റിൻ, സജിന അബ്ദുള്ള, ധന്യ ബിനു, മഞ്ജു ദിനേശ്, ജയൻ കീഴ്പേരൂർ, ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ, ഖാദർ മുഹമ്മദ് ബാങ്കോട്, ബിജു ജോസഫ് കുന്നുംപുറം പ്രിയൂഷ സജി, ഇബ്രൂ ചെറുകുന്ന്, ലൂക്കോസ് ചെറിയാൻ, മഞ്ജു ശ്രീകുമാർ, ജീന ഷൈജു, പ്രീതി രഞ്ജിത്ത്, രഞ്ജിനി രാജേഷ്, പ്രവീൺ ശ്രീനിവാസ് ബിനു വർഗീസ്, പ്രീജ അഖിൽ, അഖിൽ ജയചന്ദ്രൻ, സജിന പണിക്കർ എന്നിവരാണ് പുസ്തകത്തിന് പിന്നിൽ.

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്.

നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ടോപ്പ് ഓർഡറിൽ ക്വിൻ്റൺ ഡികോക്കിൻ്റെയും മിഡിൽ ഓർഡറിൽ ഹെൻറിച് ക്ലാസൻ്റെയും സ്ഥിരതയാർന്ന പ്രകടനങ്ങൾ അവരുടെ പ്രകടനങ്ങളെ സഹായിക്കുന്നുണ്ട്. ബാറ്റിംഗ് നിരയിൽ എല്ലാവരും ഫോമിലാണ്. അതും ആക്രമണ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ബൗളിംഗ് നിരയും ഭേദപ്പെട്ടതാണെങ്കിലും അത്ര മികച്ചതല്ല. ഏത് ടോട്ടലും അടിച്ചെടുക്കാൻ കഴിവുള്ള ബാറ്റിംഗ് നിരയെ തന്നെയാവും ദക്ഷിണാഫ്രിക്ക ഈ കളിയിലും വിശ്വസിക്കുക.

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

തൃശൂർ: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം.
ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്.

പിന്നിൽനിന്നും ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ നടുവിലെ പാളത്തിലേക്ക്‌ മാറി. എന്നാൽ ബാസിത് മാറുന്നതിന് മുമ്പേ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തിയതായിരുന്നു ഇവർ. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ് മരിച്ച അബ്ദുൾബാസിത്. കളി കണ്ട ശേഷം ശനിയാഴ്ച രാത്രി 12.30-ന് മംഗലാപുരം അന്ത്യോദയ ട്രെയിനിനാണ് സംഘം കൊച്ചിയിൽ നിന്നും കാസർകോട്ടേക്ക് തിരിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ ചാലക്കുടി കഴിഞ്ഞപ്പോൾ ആബിതിന്റെ ഫോൺ കയ്യിൽ നിന്നും വഴുതി താഴെ വീണു. സ്ഥലത്തിന്റെ ഫോട്ടോ എടുത്ത ശേഷം തൃശൂരിലിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഫോൺ കണ്ടെടുക്കാനായി വരികയായിരുന്നു സംഘം.