തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ വാക്കുതര്‍ക്കം; അടിയേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ വാക്കുതര്‍ക്കം; അടിയേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ കല്ല്യാണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ അടിയേറ്റ് യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറാണ് മരിച്ച രഞ്ജിത്ത്.

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു

പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. എവണ്‍ ചിപ്‌സ് എന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീ സമീപത്തെ കടകളിലേക്കും പടര്‍ന്നു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ബേക്കറിയുടെ പാചകപുരയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പത്തനംതിട്ട മുന്‍സിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. രണ്ട് ബേക്കറികള്‍, ഒരു ചെരുപ്പ് കട, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായി കത്തിനശിച്ചു.

വികസന സെമിനാറില്‍ അതിഥികളായി തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം

വികസന സെമിനാറില്‍ അതിഥികളായി തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാറില്‍ അപ്രതീക്ഷിത അതിഥികളായി തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കാന്‍ എത്തിയ സംഘമാണ് വികസന സെമിനാറിലും പങ്കെടുത്തത്. തമിഴ്‌നാട്ടിലെ അഡിഷണൽ ഡയറക്ടർ, രണ്ട് അഡിഷണല്‍ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 12 പേരാണ് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ ഒ.എസ്. അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലൈഫ് ഭവന പദ്ധതി, കുടുംബശ്രീയുടെ പ്രവര്‍ത്തനം എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥസംഘം എത്തിയത്. തമിഴ്‌നാട്ടിലെ അഡീഷണല്‍ കളക്ടര്‍മാരായ വീര്‍ പ്രതാപ് സിംഗ്, ചിത്ര വിനയന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി, പൊതു കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത് പദ്ധതി എന്നിവക്കാണ് വരും വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്. ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ജീവിതശൈലി രോഗനിര്‍ണയം, പള്ളിക്കല്‍ സി. എച്ച്. സിയുടെ വികസനം, ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേക പദ്ധതിയും ബോധവല്‍ക്കരണവും, അതി ദരിദ്രരുടെ ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക വികസന പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. സെമിനാറുമായി ബന്ധപ്പെട്ട വാര്‍ഷിക പദ്ധതിയുടെ കരട് രേഖ ഒ.എസ് അംബിക എം.എല്‍.എ യില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ അവസാനം ഏകദിനം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റാവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, കെ എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്. രാഹുലും അക്‌സറും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ടോം ലാഥം (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഹെന്റി ഷിപ്ലി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

ഐസിസി ടൂര്‍ണമെന്റുകളില്‍ പതിവായി ഇന്ത്യയുടെ വഴിമുടക്കുന്ന കിവികളുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും ആവേശത്തില്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. പാകിസ്ഥാനില്‍ ഏകദിന പരമ്പര വിജയിച്ച തിളക്കത്തിലാണ് ന്യുസിലന്‍ഡ്. ശ്രീലങ്കയേക്കാള്‍ ശക്തരായ എതിരാളികള്‍ക്കെതിരെ കടുത്ത വെല്ലുവിളി പ്രതീക്ഷിക്കണം രോഹിത് ശര്‍മ.

കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടോം ലാഥം ആണ് ന്യുസിലന്‍ഡ് നായകന്‍. ട്രന്റ് ബോള്‍ട്ടും ആഡം മില്‍നെയും മാറ്റ് ഹെന്റിയും ഇല്ലെങ്കിലും ന്യുസിലന്‍ഡ് ബൗളിംഗ് നിര ആരെയും വിറപ്പിക്കാന്‍ പോന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന സ്പിന്നര്‍മാരും കരുത്ത്. എങ്കിലും ഇന്ത്യയില്‍ ഇതുവരെ ഏകദിന പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം കിവികളുടെ സമ്മര്‍ദ്ദം കൂട്ടും.

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ പുതിയ മന്ദിര ശിലാസ്ഥാപനം ജനുവരി 20ന്

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ പുതിയ മന്ദിര ശിലാസ്ഥാപനം ജനുവരി 20ന്

ആറ്റിങ്ങൽ: കുന്നുവാരം യു.പി.സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി വെള്ളിയാഴ്ച രാവിലെ 9.30 ന് നിർവ്വഹിക്കും. ചടങ്ങിൽ സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാക്കും. ജി. തുളസീധരൻ പിള്ള ,ആർ. രാമു, എസ്.ഷീജ. എസ്.ഗിരിജ. ആർ. രാജു. പി.ഉണ്ണികൃഷ്ണൻ. ഷീല . എ.എസ്, ഇ. വിജയകുമാരൻ നമ്പൂതിരി. എസ്. വേണുഗോപാൽ, മൂഴിയിൽ സുരേഷ്, സി. അഞ്ജു, എന്നിവർ ആശംസാ പ്രസംഗവും, മധു .ജി.ആർ സ്വാഗതവും, പുലരി ആർ ചന്ദ്രൻ നന്ദിയും പറയുന്നു.

വർക്കലയിൽ കടലിലകപ്പെട്ട മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു

വർക്കലയിൽ കടലിലകപ്പെട്ട മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു

വർക്കലയിൽ കടലിലകപ്പെട്ട മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. വ്യത്യസ്ത സമയങ്ങളിലായാണ് പാപനാശം ടൂറിസം കേന്ദ്രത്തിൽ അപകടങ്ങൾ ഉണ്ടായത്. കടലിൽ കുളിക്കവെയാണ് മൂവരും അപ്രതീക്ഷിതമായി ഉയർന്നു പൊങ്ങിയ തിരമാലയിലകപ്പെട്ടത്. രാജസ്ഥാൻ സ്വദേശികളായ മീട്ടാറാം(21), ലക്ഷ്മൺ ബർവ(21), ചെന്നൈ സ്വദേശി നവീൻ എന്നിവരാണ് തിരയിലകപ്പെട്ടത്. രാവിലെ ഒൻപതരയോടെയാണ് രാജസ്ഥാൻ സ്വദേശികളായ മീട്ടാറാം, ലക്ഷ്മൺ ബർവ എന്നിവർ വർക്കല മെയിന്‍ ബീച്ചിൽ തിരയിലകപ്പെട്ടത്. രാവിലെ പതിനൊന്നോടെയാണ് ചെന്നൈ സ്വദേശി നവീൻ അപകടത്തിൽപ്പെട്ടത്. ലൈഫ് ഗാർഡുകളുടെ അവസരോചിതമായ ഇടപെടലിലാണ് മൂവരും ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളായ സജിത്, മനു കുമാരസ്വാമി, പ്രവീൺ എന്നിവരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.