സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇനി ശനിയാഴ്ച അവധി

സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇനി ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഇനി ശനിയാഴ്ച അവധി. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലും വിഎച്ച്എസ്ഇ ക്ലാസുകളിൽ അധ്യയനം നടക്കുന്നുണ്ട്. ഇപ്പോൾ ശനിയാഴ്ച അവധി നൽകി കൊണ്ടാണ് അധ്യയന ദിവസങ്ങൾ ആറായി ചുരുക്കിയത്. വിദ്യാർത്ഥികളുടെ ദീർഘനാളത്തെ ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസവും അധ്യയനം നടത്തുന്നത് കുട്ടികളിൽ പഠനഭാരവും മാനസികസംഘർഷവും സൃഷ്ടിക്കുന്നതായി നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.

പുതുക്കിയ ദേശീയ നൈപുണ്യ യോഗ്യ ചട്ടക്കൂട് പ്രകാരം കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറച്ചിരുന്നു. പക്ഷേ ഈ മാറ്റം പരിഗണിക്കാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകൾ നടന്നു വരികയായിരുന്നു. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തി കൊണ്ടാവും ശനിയാഴ്ച ദിവസത്തെ അധ്യയനം ഒഴിവാക്കുക.

മണ്ഡലപൂജ 27ന്; തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തും

മണ്ഡലപൂജ 27ന്; തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തും

ശബരിമല: മണ്ഡലകാലത്തിന്‌ സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പൂർത്തിയായി വരുന്നു.

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിൽ എത്തും. പകൽ രണ്ടിന് എത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നുവരെ തീർഥാടകർക്ക്‌ തങ്കഅങ്കി ദർശിക്കാം. 3.15ന് പമ്പയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി എസ് ശാന്തകുമാർ, എഇഒ രവികുമാർ തുടങ്ങിയവർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15ന് പതിനെട്ടാംപടിക്കുമുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ഉൾപ്പടെയുള്ളവർ സ്വീകരിക്കും.

സോപനത്ത്‌ തന്ത്രി കണ്ഠര് രാജീവര് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. 26ന് രാത്രി 9.30ന് അത്താഴപൂജയ്ക്കുശേഷം 11.20ന് ഹരിവരാസനംപാടി നടയടയ്ക്കും. 27ന് പുലർച്ചെ മൂന്നിന് നടതുറക്കും. മണ്ഡലപൂജയ്ക്കുശേഷം നടയടച്ച്‌ വൈകിട്ട്‌ വീണ്ടും തുറക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം അലിഡ ഗുവേരയ്ക്ക്

പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം അലിഡ ഗുവേരയ്ക്ക്

പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം (3000 യുഎസ് ഡോളർ) ക്യൂബൻ സാമൂഹിക പ്രവർത്തകയായ ഡോ. അലിഡ ഗുവേരയ്ക്ക്. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലിഡ. ചെ ഗുവേരയുടെ കൊച്ചുമകളും ചടങ്ങിൽ പങ്കെടുക്കും. പുരസ്കാര തുകയും ശിൽപവും പ്രശസ്തിപത്രവും ജനുവരി 5നു തിരുവനന്തപുരം ഒളിംപിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; വർക്കലയിൽ മോഷ്ടാക്കൾ അറസ്റ്റിൽ

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; വർക്കലയിൽ മോഷ്ടാക്കൾ അറസ്റ്റിൽ

വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ വർക്കല പോലീസിന്റെ പിടിയിലായി. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ സുരേഷ് മകൻ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അൻസാറിന്റെ മകൻ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരാണ് അറസ്റ്റിലായത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്.

കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വർക്കല ഡിവൈഎസ്പി പീ നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ഐ മാരായ ഷാനവാസ്, ബിജു കുമാർ, എസ് സി പി ഓ മാരായ വിജു, ഷിജു ഷൈജു, സിപിഒ മാരായ സുധീർ, ഫറൂഖ്, സാംജിത്ത്, സുജിത്ത് എന്നിവരുടെ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഗതാഗത കുരുക്ക് മാറ്റുന്നതിനായി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ യോഗം സംഘടിപ്പിച്ചു

ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തോട് അനുബന്ധിച്ചു ഉണ്ടായ ഗതാഗത കുരുക്ക് മാറ്റുന്നതിനായി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ജില്ലാപഞ്ചായത്ത് മെമ്പർ, ചിറയിൻകീഴ് എസ് എച്ച് ഒ, പഞ്ചായത്ത്‌ മെമ്പർ മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴ് വരുന്ന ബസുകൾ വലിയകട ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ പാടില്ല പകരം താത്കാലിക ബസ് സ്റ്റാൻഡിൽ ആളെ ഇറക്കേണ്ടതാണ്. ചിറയിൻകീഴ് നിന്നും അഴൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വലിയകട ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല. യാത്രക്കാർ താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നും അഴൂർ ഭാഗത്തേക്കുള്ള വാഹനങ്ങളിൽ കയറേണ്ടതാണ്. വലിയകട നിന്നും ശാർക്കര, പണ്ടകശാല ഭാഗത്തേക്ക്‌ പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് വഴി കടകം ജംഗ്ഷൻ വഴി ശാർക്കര ജംഗ്ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞു പോകേണ്ടതാണ്.

പണ്ടകശാല നിന്നും ശാർക്കര ക്ഷേത്രം റോഡ് വഴി വലിയക്കടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റ് വഴി വലിയകടയ്ക്കും അഴൂരേയ്ക്കും പോകേണ്ടതാണ്. ശാർക്കര ക്ഷേത്രത്തിനെ ചുറ്റി പണ്ടകശാല ഭാഗത്തു പോകേണ്ട സ്കൂൾ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര ഈ റോഡ് വഴി താത്കാലികമായി നിരോധിച്ചിരിക്കുന്നു. യാത്രക്കാരും ജനങ്ങളും കർശനമായി നിർദേശങ്ങൾ പാലിച്ചു താത്കാലിക ക്രമീകരണത്തോട് സഹകരിക്കണമെന്ന് യോഗം ഒന്നടങ്കം അഭ്യർത്ഥിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ക്രിസ്തുമസ്, പുതു വത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ക്രിസ്തുമസ്, പുതു വത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ക്രിസ്തുമസ്, പുതു വത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.
ബാർ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജുഡീഷ്യൽ ഓഫീസെഴ്സും, മുൻ
പ്രസിഡന്റുമാരടക്കം സീനിയർ, ജൂനിയർ അഭിഭാഷകർ പങ്കെടുത്തു. ചടങ്ങിൽ, ഹൈക്കോടതിയിൽ വച്ചു നടന്ന ആൾ കേരള ക്വിസ് കോമ്പറ്റിഷൻ ഫോർ ജൂനിയർ ലായേഴ്സ് 2022ൽ അവാർഡുകൾ വാങ്ങിയ ആറ്റിങ്ങലിലെ മിടുക്കരായ 10 അഭിഭാഷകരെ അനുമോദിച്ചു. തുടർന്ന് കേക്കും വൈനും, ലഘു ഭക്ഷണവും (ബൊഫെ) വിതരണം ചെയ്തു.